കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ജനറൽ ഫയർ ബ്രിഗേഡിലെ ഓപ്പറേഷൻസ് റൂമിൽ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നു. കടലിൽ നിന്ന് മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പാലത്തിൽ നിന്ന് ഒരു യുവാവ് താഴേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. യുവാവിന്റെ കാറും തിരിച്ചറിയൽ കാർഡും പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ഒഴുകി നടക്കുന്ന നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിർ കോസ് വേ.
കുവൈറ്റിൽ അടുത്തിടെ നിരവധി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം കുവൈത്തിൽ 41 ആത്മഹത്യാ കേസുകളും 43 ആത്മഹത്യാ ശ്രമങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കുവൈത്തിൽ അപ്പാർട്ട്മെന്റിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s