
Kuwaiti man detained; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പരസ്പരവിരുദ്ധമായ രണ്ട് വിശദീകരണങ്ങൾ നൽകിയ കുവൈത്ത് സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സഹയാത്രികൻ നിലവിൽ ജാബിർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലാണ്. ഒരു പോലീസ് സ്റ്റേഷന് സമീപം മുഖം നിറയെ രക്തവുമായി സ്വദേശിയായ തന്റെ സുഹൃത്തിനെ നിലത്തുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് കസ്റ്റഡിയിലായ ആൾ ആദ്യം സുരക്ഷാ അധികൃതരോട് പറഞ്ഞതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ചോദ്യം ചെയ്യലിനിടെ ഇയാൾ മൊഴി മാറ്റിപ്പറഞ്ഞു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ‘സുഹൃത്ത്’ പുറത്തേക്ക് ചാടുകയായിരുന്നു എന്നായിരുന്നു പുതിയ വാദം. മൊഴികളിലെ ഈ വൈരുദ്ധ്യം സംഭവത്തിന്റെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച് വലിയ സംശയങ്ങൾ ഉയർത്തിയതോടെ, അന്വേഷണം തുടരുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വെക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ, ഇയാൾക്കെതിരെ നേരത്തെ തന്നെ ഒരു അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായി. ഇയാളെ അഴിക്കുള്ളിലാക്കാൻ ഈ കണ്ടെത്തൽ തന്നെ മതിയായ കാരണമായി.
പരിക്കേറ്റയാൾ ഇപ്പോഴും ജാബിർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ മൊഴി രേഖപ്പെടുത്തി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് പരിക്കേറ്റതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.