വീട്ടുജോലിക്കാരിയെ മർദിച്ചു കൊന്നു; ഗൾഫ് സ്വദേശിനിക്കെതിരെ കടുത്ത ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait domestic worker murder case; കുവൈത്തിൽ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗൾഫ് സ്വദേശിനിക്ക് അപ്പീൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. നേരത്തെ കീഴ്ക്കോടതി വിധിച്ച 15 വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി ഇളവ് ചെയ്തത്. പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന കുറ്റം കോടതി ഒഴിവാക്കി. പകരം, മരണത്തിന് കാരണമായ മർദനം എന്ന കുറ്റം ചുമത്തിയാണ് ശിക്ഷയിൽ ഇളവ് വരുത്തിയത്. സബാഹ് അൽ നാസർ മേഖലയിലെ വീട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ വടികൊണ്ട് മർദിക്കുകയും, ശരീരത്തിൽ ക്ലോറിൻ അടങ്ങിയ രാസവസ്തുക്കൾ ഒഴിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് മൂന്ന് ദിവസത്തോളം ചികിത്സ നൽകാൻ പ്രതി തയ്യാറായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ശരീരത്തിലേറ്റ മാരകമായ പരിക്കുകളാണ് മരണത്തിന് വഴിവെച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. ആദ്യം കൊലപാതകക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, അപ്പീൽ കോടതി കേസിന്റെ സ്വഭാവം പരിശോധിച്ച ശേഷം കുറ്റകൃത്യത്തിന്റെ കാഠിന്യം കുറച്ച് പുതിയ വിധി പുറപ്പെടുവിക്കുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *