
കുവൈത്തിൽ വാഹനമോടിക്കുന്നവർക്ക് ആശ്വാസവാർത്ത. വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖയായ പേപ്പർ ഫോർമാറ്റിലുള്ള മുളഖസ് ഇനി നിർബന്ധമായും വാഹനത്തിൽ സൂക്ഷിക്കേണ്ടതില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ‘മൈ കുവൈത്ത് ഐഡി’ (My Kuwait ID) ആപ്പിൽ ലഭ്യമാകുന്ന ഡിജിറ്റൽ രജിസ്ട്രേഷൻ രേഖകൾ തന്നെ ഔദ്യോഗികമായി സാധുവായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ച ബോധവൽക്കരണ സന്ദേശത്തിലാണ് ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്. വാഹന രജിസ്ട്രേഷൻ ഓൺലൈനായി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളും അധികൃതർ വിശദീകരിച്ചിട്ടുണ്ട്.
ആദ്യം ഇൻഷുറൻസ് സേവനത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അനുയോജ്യമായ ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കണം. തുടർന്ന് ഓൺലൈനായി പണമടച്ച് ഇൻഷുറൻസ് രേഖ പ്രിന്റ് ചെയ്തെടുക്കണം. സാങ്കേതിക പരിശോധന നിർബന്ധമായ വാഹനങ്ങൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിൽ എത്തിച്ച് പരിശോധന പൂർത്തിയാക്കണം.
അതിനുശേഷം സഹൽ (Sahel) ആപ്പിൽ പ്രവേശിച്ച് മിനിസ്ട്രി ഓഫ് ഇന്റീരിയർ വിഭാഗത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ തിരഞ്ഞെടുക്കുക. പുതുക്കേണ്ട വാഹനത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുത്ത് നിശ്ചിത ഫീസ് അടയ്ക്കുന്നതോടെ രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പൂർത്തിയാകും. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെയും പൊതുജനങ്ങൾക്ക് വാഹന സംബന്ധമായ നടപടികൾ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിർദേശങ്ങൾ.