Kuwait poultry import ban; ഏഴ് രാജ്യങ്ങൾക്ക് ആശ്വാസം! കുവൈത്തിൽ കോഴിയിറച്ചി ഇറക്കുമതിക്ക് നിയന്ത്രണം നീക്കി

Kuwait poultry import ban; കോഴിയിറച്ചി, കോഴി ഉൽപന്നങ്ങൾ, മുട്ട എന്നിവയുടെ ഇറക്കുമതി സംബന്ധിച്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. പക്ഷിപ്പനി ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് കുവൈത്ത് പിൻവലിച്ചത്. ഓസ്ട്രിയ, ബംഗ്ലാദേശ്, അർജന്റീന, യുണൈറ്റഡ് കിങ്ഡം (UK), പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് സമ്പൂർണ്ണമായി നിരോധനം നീക്കിയത്. ഇതിനുപുറമെ, ഫ്രാൻസിലെ 11 മേഖലകളിലും അമേരിക്കയിലെ 21 സംസ്ഥാനങ്ങളിലെ 56 മേഖലകളിലും ഉണ്ടായിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഈ രാജ്യങ്ങളിൽ നിന്ന് ഫ്രഷ്, തണുപ്പിച്ച (chilled), ഫ്രോസൺ, സംസ്കരിച്ച കോഴിയിറച്ചി എന്നിവയും കോഴി ഉൽപന്നങ്ങളും മുട്ടയും ഇനി കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യാം.

അതേസമയം, പക്ഷിപ്പനി ബാധ കണ്ടെത്തിയ സാഹചര്യത്തിൽ അമേരിക്കയിലെ മൂന്ന് മേഖലകളിൽ നിന്നും ഫ്രാൻസിലെ ഒരു മേഖലയിൽ നിന്നും കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ ഇറക്കുമതിക്ക് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, വൈറസ് നശിപ്പിക്കാൻ ആവശ്യമായ രീതിയിൽ ചൂടാക്കി സംസ്കരിച്ച ഉത്പന്നങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യം മുഴുവൻ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം, പക്ഷിപ്പനി ബാധിച്ച മേഖലകളെ മാത്രം പ്രത്യേകം തിരിച്ചറിഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് മന്ത്രാലയം സ്വീകരിക്കുന്നത്. രോഗം ഭേദമായ സ്ഥലങ്ങളിൽ നിന്ന് നിയന്ത്രണങ്ങൾ നീക്കുകയും, പുതിയതായി രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ നയം. ഇതു സംബന്ധിച്ച ഒൻപത് ഔദ്യോഗിക ഉത്തരവുകൾ കുവൈത്തിന്റെ ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചു തുടങ്ങി. വിപണിയിൽ കൂടുതൽ ഉൽപന്നങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *