ഡോക്ടറെന്ന വ്യാജേന നഴ്സിംഗ് ജീവനക്കാരെ സമീപിച്ചു; തമാശക്കെന്ന് മറുപടി, കയ്യോടെ പോലീസ് കസ്റ്റഡിയിൽ 

കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന നഴ്സിംഗ് ജീവനക്കാരെ സമീപിച്ചയാൾ പിടിയിൽ.ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ബിദൂൺ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് പിടിയിലായത്.

ആശുപത്രിയിലെ വിശ്രമമുറിക്ക് സമീപത്തുവെച്ചാണ് ഇയാൾ നഴ്സിംഗ് ജീവനക്കാരോട് താൻ ഡോക്ടറാണെന്ന് അവകാശപ്പെട്ടത്. സംശയം തോന്നിയ ജീവനക്കാർ ഉടൻതന്നെ ആശുപത്രി സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായത്.

പ്രതിയുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായോ രാജ്യത്തെ മറ്റ് മെഡിക്കൽ സ്ഥാപനങ്ങളുമായോ ഇയാൾക്ക് ബന്ധമില്ലെന്ന് ബോധ്യപ്പെട്ടു. ഡോക്ടറാണെന്ന് തെറ്റായി പരിചയപ്പെടുത്തിയതിന്റെ കാരണം ചോദിച്ചപ്പോൾ തമാശയ്ക്കുവേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ഇയാളുടെ വിശദീകരണം. തുടർനടപടികൾക്കായി പ്രതിയെ അൽ-നഈം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളിൽ വ്യാജവേഷം ധരിച്ചോ തെറ്റായ തിരിച്ചറിയൽ അവകാശപ്പെട്ടോ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *