traffic wheel clamps in kuwait; കുവൈറ്റിലെ റോഡുകളിലെ അലക്ഷ്യ പാർക്കിങ്: വാഹനങ്ങളിൽ വീൽ-ക്ലാംപ് ഘടിപ്പിക്കും; മുന്നറിയിപ്പുമായി അധികൃതർ

traffic wheel clamps in kuwait; പ്രധാന പാതകളിലും ഉൾറോഡുകളിലും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്തിലെ ഹവല്ലി ട്രാഫിക് വിഭാഗം. റോഡുകളിലെ അലക്ഷ്യമായ പാർക്കിങ് തടയുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ടയറുകളിൽ വീൽ-ക്ലാംപ് ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു.
നിയമം തെറ്റിച്ചു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം ടയറുകൾ ക്ലാംപ് ചെയ്തു പൂട്ടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ക്ലാംപ് ചെയ്ത വാഹനങ്ങളിൽ ട്രാഫിക് അധികൃതർ പ്രത്യേക അറിയിപ്പ് നോട്ടീസ് പതിപ്പിക്കുന്നുണ്ട്. വാഹനം വിട്ടുലഭിക്കുന്നതിനായി ഉടമകൾ ഹവല്ലി ഗവർണറേറ്റ് ട്രാഫിക് പട്രോൾ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. വാഹന ഉടമകൾ ബന്ധപ്പെട്ട ട്രാഫിക് വിഭാഗത്തിലെത്തി നിശ്ചിത ട്രാഫിക് പിഴ ഒടുക്കിയാൽ മാത്രമേ വീൽ-ക്ലാംപ് നീക്കം ചെയ്യുകയുള്ളൂവെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ട്രാഫിക് അധികൃതരുടെ അനുമതിയില്ലാതെ ക്ലാംപ് മാറ്റാൻ ശ്രമിക്കുകയോ അതിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ വാഹന ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതും തിരക്കേറിയതുമായ ഉൾറോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ഈ കർശന പരിശോധനയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വാഹനമോടിക്കുന്നവർ പാർക്കിങ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, റോഡുകളിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *