
കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ ആശ്വാസമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)യുടെ 34 സേവനങ്ങൾ സഹൽ ആപ്പിലൂടെ ലഭ്യമാക്കി. ഇതോടെ വിവിധ സിവിൽ ഇൻഫർമേഷൻ ഇടപാടുകൾക്കായി PACI ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം കുറയും.
സർട്ടിഫിക്കറ്റുകൾ, സ്ഥാപനങ്ങളും കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, സിവിൽ ഐഡി സേവനങ്ങൾ, വ്യക്തികളുടെയും താമസക്കാരുടെയും വിവരങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള സേവനങ്ങളാണ് സഹൽ ആപ്പിലേക്ക് മാറ്റിയിരിക്കുന്നത്. PACI ആക്ടിങ് ഡയറക്ടർ ജനറൽ ഈസ അൽ മഹ്മൂദ്, ലഭ്യമായ സേവനങ്ങൾ സഹൽ വഴി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഓഫീസുകളിൽ കാത്തുനിൽക്കാതെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്നതിനൊപ്പം നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് ഡിജിറ്റൽ സേവനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകാനും കഴിയുമെന്ന് PACI അറിയിച്ചു. കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ഡിജിറ്റൽ ഇടപാടുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായവർക്കും മറ്റ് വിഭാഗങ്ങൾക്കും PACI ഓഫീസുകളിൽ നേരിട്ടെത്തി സഹായം തേടാൻ അവസരം തുടരും. സഹൽ വഴി സേവനം ലഭ്യമാണെങ്കിലും ഇത്തരം ഉപയോക്താക്കളുടെ ഇടപാടുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ആവശ്യമായ സഹായം നൽകുമെന്നും PACI വ്യക്തമാക്കി.
കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് PACI സേവനങ്ങൾ കൂടുതൽ സഹൽ ആപ്പിലേക്ക് മാറ്റുന്നത്. സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതിനുള്ള നീക്കവും ഇതോടെ കൂടുതൽ ശക്തമാകുകയാണ്.