
മക്കയ്ക്ക് സമീപം ഡ്രോൺ ആക്രമണം നടന്നെന്ന റിപ്പോർട്ടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തിനെതിരായ ആക്രമണങ്ങളെയും സാധാരണക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ അപലപിച്ചു. മക്കയുടെ പ്രത്യേക മതപ്രാധാന്യം കണക്കിലെടുക്കുമ്പോൾ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മക്കയുടെ തെക്കുഭാഗത്ത് എത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചതായി സൗദി അധികൃതർ അറിയിച്ചു. നിയന്ത്രിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്നാണ് സൗദിയുടെ വിശദീകരണം.
സംഭവത്തിന് പിന്നിൽ യെമനിലെ ഹൂതികളാണെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആരോപണം. എന്നാൽ മക്കയെയോ മറ്റ് വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടെന്ന ആരോപണം ഹൂതി വിഭാഗം നിഷേധിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മക്കയ്ക്ക് സമീപമുണ്ടായ സംഭവം. വിശുദ്ധ നഗരത്തിന്റെ സുരക്ഷയും തീർഥാടകരുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകളും ഇതോടെ കൂടുതൽ ശക്തമായിട്ടുണ്ട്.