മിന്നൽ പരിശോധന; തീപിടിത്ത സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റിയിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ബുധനാഴ്ച വൈകിട്ട് പബ്ലിക് ഫയർ ഫോഴ്സ് വ്യാപക പരിശോധന നടത്തി. അഗ്നിസുരക്ഷാ ചട്ടങ്ങളും പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങളെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. തലസ്ഥാന ഗവർണറേറ്റിലെ പ്രിവൻഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് യൂസഫ് അഹമ്മദ് നേതൃത്വം നൽകിയ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജനറൽ എൻവയോൺമെന്റ് അതോറിറ്റി എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്ഥാപനങ്ങളിൽ ആവശ്യമായ അഗ്നിബാധാ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ, നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം വിശദമായി പരിശോധിച്ചത്.

പരിശോധനയ്ക്കിടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് 28 സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. കൂടാതെ, നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് സ്ഥാപനങ്ങൾക്ക് വിവിധ സർക്കാർ ഏജൻസികൾ അടച്ചുപൂട്ടൽ മുന്നറിയിപ്പും നൽകി. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിൽ അഗ്നിസുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകാവുന്ന നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *