
മരിച്ചുപോയ ഒരു കുട്ടിയുടെ പേരും രേഖകളും ഉപയോഗിച്ച് ഏകദേശം 50 വർഷത്തോളം ജീവിച്ചയാളെ കണ്ടെത്തിയതോടെ കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ് കേസ് പുറത്തായി. മരിച്ച കുട്ടിയുടെ ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് മറ്റൊരാൾ കുവൈത്ത് പൗരനെന്ന നിലയിൽ വർഷങ്ങളോളം ജീവിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രേഖകളിലെ പൊരുത്തക്കേടുകളും വ്യക്തിഗത വിവരങ്ങളിലെ സംശയാസ്പദമായ വ്യത്യാസങ്ങളുമാണ് കേസിന്റെ ചുരുളഴിക്കാൻ സഹായമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യഥാർഥ വ്യക്തിയുടെ മരണം വളരെ മുമ്പ് സംഭവിച്ചതായും, പിന്നീട് മറ്റൊരാൾ ഇയാളുടെ വ്യക്തിത്വം സ്വീകരിച്ച് ഔദ്യോഗിക രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയത്.
ഈ വ്യാജ വ്യക്തിത്വത്തിന്റെ സഹായത്തോടെ പ്രതി ദീർഘകാലം കുവൈത്ത് പൗരനെന്ന ആനുകൂല്യങ്ങൾ നേടിയിരുന്നതായും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പൗരത്വ രേഖകളും മറ്റ് ഔദ്യോഗിക രേഖകളും എങ്ങനെ ലഭിച്ചുവെന്നതും തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
സംഭവം പുറത്തുവന്നതോടെ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളുടെ വിശദമായ പരിശോധനയും അധികൃതർ ശക്തമാക്കി. വ്യാജരേഖകൾ, വ്യക്തിത്വ തട്ടിപ്പ്, നിയമവിരുദ്ധമായി പൗരത്വ ആനുകൂല്യങ്ങൾ നേടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ കേസിൽ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്തുന്നതിനും വ്യാജരേഖാ ശൃംഖലയുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.