
പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കും ഒരു കോടി രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കുന്ന നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയിൽ വീണ്ടും അംഗമാകാൻ അവസരം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് പുതിയ അംഗത്വത്തിനുള്ള സമയം. നോർക്ക പ്രവാസി, വിദേശത്തെ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ്സ് ഐഡി, എൻ.ആർ.കെ. ഐഡി കാർഡ് എന്നിവയുള്ളവർക്ക് നോർക്ക കെയർ പ്ലസിൽ ചേരാം. പുതിയ അംഗങ്ങളെ ചേർക്കുന്ന നടപടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികളാണ് നോർക്ക കെയറും കെയർ പ്ലസും. പ്രവാസികളുടെ ആവശ്യത്തെ തുടർന്നാണ് കെയർ പ്ലസിൽ വീണ്ടും അംഗത്വം അനുവദിക്കുന്നത്.
ഒരു കോടി രൂപ വരെ ചികിത്സാ പരിരക്ഷ
നോർക്ക കെയർ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയുമാണ് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ 136 രാജ്യങ്ങളിലായി 1,32,034 പോളിസികളിലൂടെ ഏകദേശം അഞ്ച് ലക്ഷം പേർ പദ്ധതിയുടെ പ്രയോജനം നേടി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന മുൻ അംഗത്വ ക്യാംപയിനിൽ 32,000 കുടുംബങ്ങളാണ് കെയർ പ്ലസിൽ ചേർന്നത്. കെയർ പ്ലസിൽ അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ഏഴ് വ്യത്യസ്ത പരിരക്ഷാ സ്ലാബുകളുണ്ട്. പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും.
24,000 ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ
രാജ്യത്താകെ 24,000 ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. കേരളത്തിൽ മാത്രം 618 ആശുപത്രികൾ പദ്ധതിയുടെ പരിധിയിലുണ്ട്. നോർക്ക കെയർ, കെയർ പ്ലസ് എന്നീ രണ്ട് പദ്ധതികളിലായി ഇതുവരെ 31,660 ക്ലെയിമുകൾക്ക് 227 കോടി രൂപയുടെ ആനുകൂല്യം നൽകിയതായി അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ചികിത്സാ ചെലവിന്റെ വലിയൊരു ഭാഗം ഇൻഷുറൻസ് പരിരക്ഷയിലൂടെ നേരിടാൻ സഹായിക്കുന്ന പദ്ധതിയിൽ അംഗത്വം നേടാനുള്ള അവസരം സെപ്റ്റംബർ 18 വരെ തുടരും.