വിസ മാറ്റം ആലോചിക്കുന്നവർ ശ്രദ്ധിക്കുക! എല്ലാവർക്കും റെസിഡൻസി ലഭിക്കില്ല; കുവൈത്തിന്റെ നിർണായക വിശദീകരണം

കുവൈത്തിൽ എല്ലാ വിഭാഗം സന്ദർശന വിസകളും നേരിട്ട് താമസാനുമതിയായി (റെസിഡൻസി) മാറ്റാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സന്ദർശന വിസ റെസിഡൻസിയായി മാറ്റാനുള്ള സൗകര്യം എല്ലാ പ്രവാസികൾക്കും അല്ലെങ്കിൽ എല്ലാ രാജ്യക്കാർക്കും ഒരുപോലെ ബാധകമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ ആർട്ടിക്കിൾ 17 (സർക്കാർ മേഖല), ആർട്ടിക്കിൾ 18 (സ്വകാര്യ മേഖല), ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ), ആർട്ടിക്കിൾ 22 (കുടുംബ വിസ) തുടങ്ങിയ താമസാനുമതി വിഭാഗങ്ങളിലേക്ക് സന്ദർശന വിസ മാറ്റുന്നതിന് കർശനമായ വ്യവസ്ഥകളാണ് നിലവിലുള്ളത്.

വിസ മാറ്റത്തിന് അപേക്ഷിക്കുന്നവർ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സിന്റെ ഡയറക്ടർ ജനറലിന്റെ അനുമതി നിർബന്ധമാണ്. ചില പ്രത്യേക കേസുകളിൽ മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ പ്രത്യേക അംഗീകാരവും ആവശ്യമായി വരും. കുടുംബ സന്ദർശന വിസയിൽ കുവൈത്തിലെത്തുന്ന മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരുടെ വിസകൾ നിലവിൽ ആർട്ടിക്കിൾ 18 (സ്വകാര്യ മേഖല) തൊഴിൽ താമസാനുമതിയിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഔദ്യോഗിക ഏജൻസികൾ എന്നിവയുടെ പേരിൽ അനുവദിക്കുന്ന സന്ദർശന വിസകളിൽ എത്തിയവരിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പ്രത്യേക സാങ്കേതിക വൈദഗ്ധ്യവും ഉള്ളവർക്ക് നിശ്ചിത നിബന്ധനകൾ പാലിച്ചാൽ വിസ മാറ്റത്തിന് അവസരം ലഭിക്കും. ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശന വിസ താമസാനുമതിയാക്കി മാറ്റാൻ അനുമതിയുണ്ട്. ഇവരുടെ താമസാനുമതി റദ്ദായാൽ, സ്പോൺസർ പുതിയ സന്ദർശന വിസയിൽ എത്തിച്ച് പിന്നീട് നിയമാനുസൃതമായി താമസാനുമതിയിലേക്ക് മാറ്റാൻ കഴിയും.

കൂടാതെ, പ്രവേശന വിസയിൽ കുവൈത്തിലെത്തി താമസാനുമതിക്കുള്ള നടപടികൾ ആരംഭിച്ച ഒരാൾക്ക് അടിയന്തര സാഹചര്യത്തിൽ രാജ്യം വിടേണ്ടിവന്നാൽ, ഒരു മാസത്തിനകം വീണ്ടും ബിസിനസ് സന്ദർശന വിസയിൽ പ്രവേശിച്ച് അത് തൊഴിൽ താമസാനുമതിയാക്കി മാറ്റാൻ അനുമതി ലഭിച്ചേക്കാമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബിസിനസ് സന്ദർശന വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിനും കർശനമായ നിബന്ധനകളും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും നിർബന്ധമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വിവിധ വിഭാഗം സന്ദർശന വിസകൾ താമസാനുമതിയായി മാറ്റാൻ ആഭ്യന്തര മന്ത്രാലയം അനുമതി പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങളിലും അർഹത മാനദണ്ഡങ്ങളിലും വ്യക്തത തേടി നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം പുറത്തുവന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *