കുവൈത്തിൽ വൻ പരിശോധന; അഗ്നിസുരക്ഷാ ചട്ടം ലംഘിച്ച 28 ഫാമുകൾക്ക് പൂട്ടിട്ടു!

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്തിലെ സുലൈബിയ കാർഷിക മേഖലയിലെ 28 ഫാമുകൾ അധികൃതർ ഭരണപരമായി അടച്ചുപൂട്ടി. ജനറൽ ഫയർ ഫോഴ്സും പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസും (PAAAFR) സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അഗ്നിബാധാ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും, കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഫാമുകൾ അനധികൃതമായി ഗോഡൗണുകളായി ഉപയോഗിച്ചതും പരിശോധനയിൽ കണ്ടെത്തി. ഇതോടെ ബന്ധപ്പെട്ട ഫാമുകൾ ഉടൻ ഭരണപരമായി അടച്ചുപൂട്ടുകയും, നിയമലംഘന നോട്ടീസുകൾ നൽകുകയും ചെയ്തു.

ജനറൽ ഫയർ ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്നും, അഗ്നിബാധാ സാധ്യതകൾ കുറയ്ക്കുകയും കാർഷിക ഭൂമികൾ അനുവദിച്ച ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നിബാധാ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി നടത്തുന്ന പരിശോധനകൾ ഇനിയും തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Related Posts

Leave a Reply

Your email address will not be published. Required fields are marked *