
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈത്തിൽ കർശനമായ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തി വിനോദ ബോട്ടുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും കടലിൽ പോകുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരുഭൂമിയിലെ ക്യാമ്പിങ്ങുകൾക്കും വീടിന് പുറത്തുള്ള ആഘോഷ പരിപാടികൾക്കും താൽക്കാലിക നിരോധനം ബാധകമാണ്. പരമ്പരാഗതമായ ഗിർഗിയാൻ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പരിപാടികൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് വ്യോമപരിധിയിൽ ഇറാന്റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റമസാൻ കാലമായതിനാൽ പള്ളികൾക്ക് പുറത്തുള്ള ഇഫ്താർ വിതരണവും വലിയ കൂട്ടംകൂടലുകളും സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കുവൈത്ത് സൊസൈറ്റി ഫോർ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. വിപണിയിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സർക്കാർ കർശന പരിശോധനകൾ നടത്തുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സുരക്ഷാ സേന സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.