
കുവൈത്ത് സിറ്റി: കുവൈത്തിലെ കാർ റെന്റൽ മേഖലയിൽ ഉപഭോക്താക്കൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാൻ കർശന നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്തിറങ്ങുന്നു. വാടക കാർ ഓഫീസുകൾ ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കാനും കരാറുകളിൽ സുതാര്യത ഉറപ്പാക്കാനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ ഓരോ ഓഫീസുകളും വ്യത്യസ്ത നിരക്കുകളും നിബന്ധനകളുമാണ് പിന്തുടരുന്നത്. ഇതിനുപകരം രാജ്യത്തെ മുഴുവൻ റെന്റൽ ഓഫീസുകൾക്കും ബാധകമാകുന്ന ഏകീകൃത വാടക കരാർ സംവിധാനം കൊണ്ടുവരും.
പുതിയ പരിഷ്കാരം അനുസരിച്ച് വാഹനങ്ങളെ അവയുടെ നിലവാരം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുകയും ഓരോന്നിനും കൃത്യമായ നിരക്കുകൾ നിശ്ചയിക്കുകയും ചെയ്യും. ഉപഭോക്താക്കളിൽ നിന്ന് അനാവശ്യമായി ഈടാക്കുന്ന ഫയൽ ഓപ്പണിംഗ് ഫീസുകൾക്കും മറ്റ് ഒളിഞ്ഞിരിക്കുന്ന ചാർജുകൾക്കും മന്ത്രാലയം നിരോധനം ഏർപ്പെടുത്തും. കൂടാതെ വാടകയ്ക്ക് എടുത്ത വാഹനം സാങ്കേതിക തകരാറുകൾ മൂലം പണിമുടക്കിയാൽ കമ്പനി സ്വന്തം ചിലവിൽ പകരക്കാരൻ വാഹനം എത്തിച്ചു നൽകണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ ഇൻഷുറൻസിന് പുറമെ വൻതുക ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന രീതിയും ഇതോടെ അവസാനിക്കും.
വാഹനത്തിന്റെ മൂല്യം കണക്കിലെടുത്ത് മാത്രമേ അധിക കിലോമീറ്ററുകൾക്ക് തുക ഈടാക്കാവൂ എന്നും കരാർ അവസാനിക്കുന്ന വിവരം കൃത്യമായി ഉപഭോക്താവിനെ അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സമിതിയുടെ ശുപാർശകൾ അംഗീകരിക്കുന്നതോടെ കുവൈത്തിൽ വാടക കാർ വിപണി കൂടുതൽ ജനകീയവും സുതാര്യവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL