ഇങ്ങനെയൊന്ന് കണ്ടാൽ ഒരിക്കലും തുറക്കരുത്, വാട്‌സാപ്പിലെ ഈ സെറ്റിംഗ്‌സ് ഉടനടി മാറ്റണം, അല്ലെങ്കിൽ പണി കിട്ടും

ഇന്ന് നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് മെസെഞ്ചർ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴിയാണ്. ഇപ്പോഴിതാ വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. വാട്ട്സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നൽകുന്നത്.ഒരിക്കലും അജ്ഞാത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും വാട്ട്സ്ആപ്പ് സെറ്റിങ്‌സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കണമെന്നുമുള്ള നിർദേശമാണ് കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കേരള പൊലസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

വാട്ട്സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.
നിങ്ങളുടെ വാട്ട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങൾ ആ ചിത്രം തുറക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.
ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിങ്‌സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
അഥവാ നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy