Posted By Editor Editor Posted On

ആന്റിബയോട്ടിക്‌ കൊണ്ടും രക്ഷയില്ല; മരുന്നിനെതിരെ പ്രതിരോധമാർജിച്ച് അണുക്കൾ; 30 ലക്ഷം കുട്ടികളുടെ ജീവനെടുത്തു

ചില അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുകയും മരുന്നുകൾ ഇവയ്‌ക്ക്‌ മേലെ ഫലിക്കാതാകുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന പഠനമാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ ആന്റിബയോട്ടിക്‌ പ്രതിരോധമാർജ്ജിച്ച അണുക്കൾ പരത്തുന്ന രോഗങ്ങൾ മൂലം 2022ൽ 30 ലക്ഷത്തിലധികം കുട്ടികൾ ലോകമെമ്പാടും മരണപ്പെട്ടതായി അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തി.ആഫ്രിക്കയിലും തെക്ക്‌ കിഴക്കൻ ഏഷ്യയിലുമുള്ള കുട്ടികൾക്കാണ്‌ ഇത്‌ മൂലമുള്ള അപകടസാധ്യത ഏറ്റവുമധികമെന്ന്‌ പഠനറിപ്പോർട്ട്‌ പറയുന്നു. വെറും മൂന്ന്‌ വർഷത്തിൽ ആന്റിബയോട്ടിക്‌ പ്രതിരോധം ആർജ്ജിച്ച അണുക്കൾ മൂലമുള്ള രോഗങ്ങൾ കുട്ടികളിൽ പത്ത്‌ മടങ്ങ്‌ വർധിച്ചതായി ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധർ പറയുന്നു. ചർമ്മത്തിലെ അണുബാധകൾ മുതൽ ന്യുമോണിയ വരെ പലവിധത്തിലുള്ള രോഗങ്ങൾക്ക്‌ ആന്റിബയോട്ടിക്കുകൾ ഇന്ന്‌ ഉപയോഗിക്കാറുണ്ട്‌. ചില സമയത്തൊക്കെ അണുബാധയെ ചികിത്സിക്കാൻ വേണ്ടി മാത്രമല്ലാതെ മുൻകരുതലായും ആന്റിബയോട്ടിക്കുകൾ നൽകാറുണ്ട്‌. ശസ്‌ത്രക്രിയക്ക്‌ തയ്യാറെടുക്കുന്നവർക്കും അർബുദരോഗത്തിന്‌ കീമോതെറാപ്പി ചെയ്യുന്നവർക്കുമൊക്കെ ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നു.കോവിഡ്‌, ജലദോഷപ്പനി പോലുള്ള വൈറൽ അണുബാധകൾക്ക്‌ മേൽ ആന്റിബയോട്ടിക്കുകൾക്ക്‌ സ്വാധീനം ചെലുത്താൻ സാധിക്കില്ല. ഏറ്റവും ഗുരുതരമായ അണുബാധകൾക്ക്‌ മാത്രം ഉപയോഗിച്ച്‌ വന്നിരുന്ന ആന്റിബയോട്ടിക്കുകൾ സർവസാധാരണമായി ഉപയോഗിക്കുന്നതാണ്‌ ആന്റിബയോട്ടിക്‌ പ്രതിരോധമാർജ്ജിച്ച അണുക്കൾ ഉണ്ടാകാനുള്ള പ്രധാന കാരണം. ആഗോള തലത്തിലുള്ള വലിയൊരു ആരോഗ്യപ്രതിസന്ധിയായിട്ടാണ്‌ ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജൻസികൾ ഇതിനെ കാണുന്നത്‌.അണുബാധകൾ ഒഴിവാക്കാനായി എല്ലാവരും പരമാവധി ശ്രമിക്കുകയെന്നതാണ്‌ ഇത്തരം ആന്റിബയോട്ടിക്‌ പ്രതിരോധമാർജ്ജിച്ച അണുക്കളുടെ വളർച്ച തടയാനുള്ള മാർഗ്ഗം. പ്രതിരോധകുത്തിവയ്‌പ്പുകളിലൂടെയും വെള്ളം ശുദ്ധീകരിക്കുന്നതിലൂടെയും വൃത്തിയും ശുചിത്വവും പുലർത്തുന്നതിലൂടെയുമൊക്കെ അണുബാധ വരാനുളള സാധ്യതകൾ കുറയ്‌ക്കാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *