സ്പോൺസറുടെ കേസിൽ അകപ്പെട്ട് മലയാളി യുവതി ദുരിതത്തിൽ. ഒളിച്ചോട്ടത്തിനു പുറമേ 800 ദിനാർ അപഹരിച്ചുവെന്ന പരാതിയാണ് തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൻറെ പശ്ചാത്തലത്തിൽ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലാണ് സാനു ഷീല സബാ അൽ സാലൈം ഏരിയയിലെ ലേഡീസ് സലൂണിൽ ഹെയർ ഡ്രെസ്സർ ജോലിക്കെത്തിയത്. സലൂണിൽ തന്നെ ജോലി ചെയ്യുന്ന ഒരു പരിചയക്കാരി മുഖേനയാണ് എത്തിയത്. ഒരു മാസത്തോളം അവിടെ ജോലി ചെയ്തു. വിശ്രമം പോലും നൽകാതെ ജോലി എടുപ്പിച്ചു. കൂടാതെ ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ടു. എംബസിയിൽ ചെന്ന് സാനു പരാതി എഴുതി നൽകി.എംബസി നിർദേശപ്രകാരം കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന (ഷൂൺ) ഓഫിസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സാനുവിനെതിരെ കേസുള്ള കാര്യം അറിയുന്നത്. തുടർന്ന് കേസ് അന്വേഷിക്കാൻ സബാ അൽ സാലൈം പൊലീസ് സ്റ്റേഷനിൽ ചെന്നു. സ്പോൺസർ നൽകിയ ഒളിച്ചോട്ടം, പണം അപഹരിച്ചു എന്നീ കേസുകളിൽ നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നു.കുവൈത്തിലുള്ള ഭർത്താവ് സുർജിത്ത് ഇടപെട്ട് ഒരു അഭിഭാഷകൻറെ സഹായത്തോടെ പുറത്തിറങ്ങി. തുടർന്ന് കേസ് നടത്തിപ്പിനായി ഘട്ടങ്ങളായി അഭിഭാഷകന് 1100 ദിനാർ നൽകി. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഒരു ലക്ഷം രൂപ കുവൈത്തിലെ പരിചയക്കാരിക്ക് വീസയ്ക്ക് നൽകിയാണ് എത്തിയത്. സാനുവിനെ സലൂണിൽ എത്തിച്ച ശേഷം പരിചയക്കാരി അവിടുത്തെ ജോലി വിട്ടു പോയി. കുവൈത്തിൽ എത്തിയപ്പോൾ തന്നെ സ്‌പോൺസർ സാനുവിൻറെ പാസ്പോർട്ട് മേടിച്ചിരുന്നു. ഇഖാമ അടിച്ചിട്ടുണ്ടോ എന്ന് പോലും സാനുവിന് അറിയില്ല. കേസ് ഇനി കോടതിയിൽ എത്തിയാൽ മാത്രമേ യാത്രാ വിലക്ക് അടക്കം മാറ്റാൻ കഴിയൂ എന്ന നിലയിലാണ്.എത്രയും വേഗം നാട്ടിലേക്ക് മടക്കി അയക്കാൻ സഹായം അഭ്യർഥിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ശശി തരൂർ എം.പി. എന്നിവരെയും ഇവർ ബന്ധപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7