കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട് kerala. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്.നിലവിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളു.മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളിൽവെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പറയുന്നു.അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്തമാക്കി.ആലുവ ചൂർണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽനിന്ന് കാണാതായത്. പ്രതിയായ അഷ്ഫാഖ് പെൺകുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയിൽ രണ്ടുദിവസം മുൻപാണ് താമസത്തിനെത്തിയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ അന്വേഷത്തിനായി പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ആലുവ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. കൃത്യത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും ശനിയാഴ്ച രാവിലെയാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw