കുവൈറ്റിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2016ലെ തിരഞ്ഞെടുപ്പിനുശേഷം ഇത്തവണ മത്സരിച്ച 22 വനിതാ മത്സരാർത്ഥികളിൽ രണ്ടുപേർ മാത്രമാണ് വിജയം കൈവരിച്ചത്. രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദും മൂന്നാം മണ്ഡലത്തിൽനിന്ന് ജിനാൻ അൽ ബുഷഹരിയുമാണ് വിജയിച്ചത്. നിലവിലെ പാർലമെന്റിൽ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നില്ല. ഗോത്ര വർഗ വിഭാഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. നിലവിലെ പാർലമെന്റിൽ 29 സീറ്റുകൾ ഉണ്ടായിരുന്നത് 22 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് നടത്തുന്ന കൂടിയാലോചനകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ഇത്തരത്തിൽ വലിയ പരാജയം നേരിട്ടതിനുള്ള പ്രധാന കാരണമായി പറയുന്നത്. അൻപത് അംഗ സഭയിൽ നിന്ന് 22 സിറ്റിംഗ് എംപിമാർ ആണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ് മത്സരിച്ച നാലു മന്ത്രിമാരിൽ ഈസ അൽ കദറി മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിൽ കഴിയുന്ന രണ്ടുപേരും വിജയിച്ചു.
നാലാം മണ്ഡലത്തിൽ നിന്ന് മർസ്സൂഖ് അൽ ഖലീഫ, രണ്ടാം മണ്ഡലത്തിൽ നിന്ന് ഹമ്മദ് അൽ ബത്താലി എന്നിവരാണിവർ. നിർദ്ദിഷ്ട സ്പീക്കർ സ്ഥാനാർത്ഥിയും പ്രതിപക്ഷത്തെ പ്രമുഖ നേതാവുമായ അഹമദ് അൽ സ ‘ അദൂൺ ആണു ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ച സ്ഥാനാർത്ഥി. മൂന്നാം മണ്ഡലത്തിൽ നിന്ന് 12239 വോട്ടുകൾ നേടിയാണു ഇദ്ധേഹം വിജയം കരസ്ഥമാക്കിയത്. ഇസ്ലാമിസ്റ്റ് വിഭാഗങ്ങൾക്കും ഷിയാ വിഭാഗങ്ങൾക്കും മികച്ച നേട്ടമാണു ഇത്തവണ ലഭിച്ചത്.നിലവിലെ പാർലമെന്റിൽ 6 എം. പി. മാർ ഉണ്ടായിരുന്ന ഷിയാ വിഭാഗത്തിനു ഇത്തവണ 9 എം. പി. മാരെ ലഭിച്ചു . ബ്രദർ ഹൂഡ് ആഭിമുഖ്യ സംഘടനയായ ഇസ്ലാമിക് കോൺസ്റ്റിറ്റിയൂഷനൽ മൂവ്മന്റ് ( ഹദസ്) എം. പി. മാരായ ഒസാമ അൽ ഷഹീൻ, അബ്ദുൽ അസീസ് അൽ സഖാബി, ഹമദ് അൽ മത്തർ എന്നിവർ സ്ഥാനം നിലനിർത്തി. സമാന ചിന്താ ധാരയിൽ പെട്ട ഫലാഹ് അൽ ദാഹി, അബ്ദുല്ല അൽ ഫഹദ് എന്നിവർ പുതുതായി വിജയിച്ചു കയറുകയും ചെയ്തു. സലഫി ചിന്താ ധാരയെ പ്രതിനിധാനം ചെയ്യുന്ന സലഫിസ്റ്റ് ഇസ്ലാമിക് മൂവ്മെന്റിനും ഇത്തവണ 5 എം. പി. മാരെ ലഭിച്ചു. 2016 മുതൽ മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്ന ഹമ്മദ് അൽ ഒബൈദ്, മുബാറക് അൽ തഷ എന്നിവർക്ക് പുറമേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുഹമ്മദ് അൽ ഹായിഫ്, ആദിൽ ദംഖി, അമ്മാർ അൽ അജ്മി എന്നിവരാണിവർ. സർക്കാരും പാർലമന്റ് അംഗങ്ങളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണു 28 മാസം കാലാവധി ബാക്കിയിരിക്കെ ഇക്കഴിഞ്ഞ പാർലമന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പുതിയ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളും വികസന കാഴ്ചപ്പാടും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിത്വങ്ങളുമാണു. ഇത് കൊണ്ട് തന്നെ സർക്കാരും പാർലമെന്റും തമ്മിൽ കാലാകാലങ്ങളായി നില നിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് ഇത്തവണ ഏറെകുറെ പരിഹാരം ഉണ്ടാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd