കുവൈത്തിൽ നാലിൽ ഒരാൾക്ക് ടൈപ്പ്-2 പ്രമേഹം; കണക്കുകൾ ഞെട്ടിക്കുന്നത്, നിയന്ത്രണം അനിവാര്യം

കുവൈത്തിൽ ടൈപ്പ്-2 പ്രമേഹബാധിതരുടെ എണ്ണം ആശങ്കാജനകമായ നിലയിലെത്തിയതായി കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽ-ദാഹി. രാജ്യത്തെ ജനസംഖ്യയിൽ ഏകദേശം 25 ശതമാനം പേർ ടൈപ്പ്-2 പ്രമേഹബാധിതരാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ ലോകത്തും ഗൾഫ് മേഖലയിലും ഉയർന്ന പ്രമേഹനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും ഉൾപ്പെടുന്നു. 360 മാളിൽ കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിലാണ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് കൺസൾട്ടന്റായ ഡോ. വലീദ് അൽ-ദാഹി ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പ്രമേഹത്തിനും ഹൃദ്രോഗത്തിനും പിന്നിൽ പാരമ്പര്യ ഘടകങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തിൽ പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതിനൊപ്പം ആരോഗ്യനിലയും അപകടസാധ്യതകളും ഇടയ്ക്കിടെ പരിശോധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗം കണ്ടെത്തിയ ആദ്യഘട്ടം മുതൽ തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കുന്നവർക്ക് ഭാവിയിൽ പ്രമേഹവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും ഡോ. വലീദ് അൽ-ദാഹി പറഞ്ഞു.

പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക പ്രമേഹ മാസാചരണത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനുമായി സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. പ്രമേഹസംബന്ധമായ സങ്കീർണതകൾ ഒഴിവാക്കാൻ രോഗികൾ ലക്ഷ്യമിടേണ്ട ആരോഗ്യ മാനദണ്ഡങ്ങളും അദ്ദേഹം വിശദീകരിച്ചു.

  • HbA1c: 7 ശതമാനത്തിൽ താഴെ നിലനിർത്തുക.
  • രക്തസമ്മർദ്ദം: 130/80 mmHg-ൽ താഴെയാക്കുക.
  • LDL കൊളസ്ട്രോൾ: 2.5 mmol/L-ൽ താഴെ നിയന്ത്രിക്കുക.
  • കണ്ണുകളുടെ പരിശോധന: വർഷത്തിലൊരിക്കൽ റെറ്റിന പരിശോധന നടത്തുക.
  • പാദ പരിശോധന: വർഷംതോറും പരിശോധന ഉറപ്പാക്കുക.
  • വൃക്കകളുടെ ആരോഗ്യം: മൂത്രത്തിലെ ആൽബുമിൻ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.

കൃത്യമായ പരിശോധനകളും തുടർച്ചയായ ആരോഗ്യപരിചരണവും പ്രമേഹം മൂലമുണ്ടാകാവുന്ന ഗുരുതര സങ്കീർണതകൾ നേരത്തെ കണ്ടെത്താനും തടയാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1996-ൽ സ്ഥാപിതമായ കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ, പ്രതിരോധം, നിയന്ത്രണം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version