
കുവൈത്ത് സിറ്റിയിലെ വിവിധ മേഖലകളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിൽ 232 പേർ അറസ്റ്റിലായി. തലസ്ഥാന ഗവർണറേറ്റിൽ സുരക്ഷാ ഏജൻസികൾ, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ തടയുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥ ഉറപ്പാക്കുന്നതിനുമായി സുരക്ഷാ ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടറാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
പരിശോധനയുടെ ഭാഗമായി സുരക്ഷാ-ട്രാഫിക് വിഭാഗങ്ങളിലായി ആകെ 775 നടപടികൾ സ്വീകരിച്ചു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 111 പേരെയും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. ചൂതാട്ടത്തിൽ ഏർപ്പെട്ട നാല് പേർ, മദ്യം കൈവശം വെച്ച നാല് പേർ, ലഹരിമരുന്ന് കൈവശം വെച്ച രണ്ട് പേർ, അനധികൃത തെരുവ് കച്ചവടത്തിൽ ഏർപ്പെട്ട രണ്ട് പേർ എന്നിവരും പിടിയിലായി.
രേഖകളില്ലാതെ ജോലി ചെയ്തിരുന്ന 51 തൊഴിലാളികൾക്കെതിരെയും നടപടിയെടുത്തു. കോടതി ഉത്തരവുകൾ പ്രകാരം തിരയുന്ന 32 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, 454 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി രേഖപ്പെടുത്തി. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയിട്ടതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം മുനിസിപ്പാലിറ്റി അധികൃതർ നീക്കം ചെയ്തു.
ഭക്ഷ്യസുരക്ഷാ പരിശോധനയിലും നിയമലംഘനം കണ്ടെത്തി. കേടായ ഇറച്ചി വിൽപ്പന നടത്തിയ കടയ്ക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മൂന്ന് റിപ്പോർട്ടുകൾ തയ്യാറാക്കി തുടർനടപടികൾ സ്വീകരിച്ചു.
പിടിയിലായവർക്കെതിരെയും മറ്റ് നിയമലംഘകർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് കേസുകൾ കൈമാറിയതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.