കുവൈത്തിൽ ഡ്രോണുകൾ പറത്തും മുൻപ് ഇക്കാര്യം ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും; പുതിയ നിയമം പ്രാബല്യത്തിൽ

ഡ്രോണുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ, എയർ സ്‌പോർട്‌സ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ നിയമം പുറത്തിറക്കി. ലൈസൻസ്, രജിസ്ട്രേഷൻ, പ്രവർത്തനാനുമതി എന്നിവ നിർബന്ധമാക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. 2026ലെ ഡിക്രി-ലോ നമ്പർ 89 പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളും മറ്റ് നിയന്ത്രണവിധേയമായ വിമാനങ്ങളും പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടാകില്ല. ഡ്രോൺ അല്ലെങ്കിൽ ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റ് ഉടമകൾ ഇവ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനിൽ രജിസ്റ്റർ ചെയ്യുകയും എയർവർതീനസ് സർട്ടിഫിക്കറ്റ് നേടുകയും വേണം. ഓപ്പറേറ്റർമാർക്ക് ആവശ്യമായ ലൈസൻസും പെർമിറ്റും നിർബന്ധമാണ്.

ലൈസൻസോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ലാതെ ഇത്തരം വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 കുവൈത്തി ദിനാർ വരെ പിഴയുംലഭിക്കാം. ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയും ചുമത്താം. ഡ്രോണുകളുടെ ഇറക്കുമതി, നിർമാണം, അസംബ്ലി, പ്രോഗ്രാമിങ്, രൂപമാറ്റം എന്നിവയ്ക്കും മുൻകൂർ അനുമതി ആവശ്യമാണ്. വിമാനത്താവളങ്ങൾ, നിരോധിത മേഖലകൾ, നിയന്ത്രിത പ്രദേശങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ പറത്തുന്നതും പ്രത്യേക അനുമതിയില്ലാതെ രാത്രികാലത്ത് ഡ്രോൺ പറത്തുന്നതും നിയമം വിലക്കുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയാകുന്ന രീതിയിൽ നിയന്ത്രിത മേഖലകളിലോ സൈനിക, സുരക്ഷാ സ്ഥാപനങ്ങൾക്ക് സമീപമോ പറക്കുന്ന ഡ്രോണുകളെ തടയാനും പ്രവർത്തനരഹിതമാക്കാനും നിയന്ത്രിക്കാനും ആവശ്യമായ സാഹചര്യത്തിൽ വെടിവെച്ച് വീഴ്ത്താനും സുരക്ഷാ, സൈനിക വിഭാഗങ്ങൾക്ക് നിയമം അധികാരം നൽകുന്നു.

പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി നിലവിലുള്ള വിമാന ഉടമകൾക്ക് ഒരു വർഷത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ 2026 അവസാനത്തോടെ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version