
വ്യാജരേഖകൾ നിർമ്മിക്കുകയും ഔദ്യോഗിക ഇടപാടുകൾ അനധികൃതമായി നടത്തിക്കൊടുക്കുകയും ചെയ്തതായി ആരോപിച്ച് ഈജിപ്ഷ്യൻ പ്രവാസിയെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഫർവാനിയയിൽ നിന്നാണ് 1992ൽ ജനിച്ച യുവാവിനെ പിടികൂടിയത്.
വിവിധ മന്ത്രാലയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കി നൽകാമെന്ന് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്തിരുന്നതായി അധികൃതർ കണ്ടെത്തി. ഇതോടെ ഷാമിയ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഇയാളെ നിരീക്ഷണത്തിലാക്കി. തുടർന്ന് പോലീസ് തന്ത്രപൂർവം കെണിയൊരുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ പണം വാങ്ങി വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിനിടെയാണ് ഇയാളെ കൈയോടെ പിടികൂടിയത്. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഇയാളുടെ കൈവശത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതി ഇതിന് മുമ്പ് എത്രപേർക്ക് വ്യാജരേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇയാളുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. വ്യാജരേഖകൾ നിർമ്മിക്കുന്നതും ഇത്തരം അനധികൃത സേവനങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.