
കുവൈത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ പൗരന്മാരും പ്രവാസികളും ചേർന്ന് വിവിധ ഇടപാട് മാർഗങ്ങളിലൂടെ ഏകദേശം 3,200 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി റിപ്പോർട്ട്. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരിട്ടുള്ള വാങ്ങലുകൾ, എടിഎമ്മുകളിലൂടെയുള്ള പണം പിൻവലിക്കൽ, ഓൺലൈൻ ഷോപ്പിങ്, തൽക്ഷണ പണമിടപാട് സേവനമായ വാംഡ് എന്നിവ വഴിയാണ് വൻതോതിൽ ഇടപാടുകൾ നടന്നത്.
നേരിട്ടുള്ള വാങ്ങലിൽ 1,100 കോടി ദിനാർ
ജനുവരി മുതൽ ജൂലൈ അവസാനം വരെ പോയിന്റ് ഓഫ് സെയിൽ (POS) സംവിധാനങ്ങളിലൂടെ നടന്ന നേരിട്ടുള്ള വാങ്ങലുകളുടെ മൂല്യം 1,100 കോടി ദിനാർ ആയിരുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളെ കൂടുതൽ ആളുകൾ ആശ്രയിക്കുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
എടിഎമ്മുകളിൽ നിന്ന് പിൻവലിച്ചത് 507 കോടി ദിനാർ
അതേസമയം, എടിഎമ്മുകൾ വഴി പിൻവലിച്ച പണത്തിന്റെ ആകെ മൂല്യം 507 കോടി ദിനാർ ആയി. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ ഉപയോഗം വ്യാപകമായിട്ടും പണമായി ഇടപാടുകൾ നടത്തുന്നവർ ഇപ്പോഴും വലിയ തോതിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഓൺലൈൻ ഷോപ്പിങ്ങിൽ 909 കോടി ദിനാർ
ഓൺലൈൻ ഷോപ്പിങ്ങിലൂടെയുള്ള ഇടപാടുകൾ 909 കോടി ദിനാർ രേഖപ്പെടുത്തി. ഇ-കൊമേഴ്സ് മേഖലയിലെ വളർച്ചയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വാംഡ് വഴി 600.6 കോടി ദിനാർ ഇടപാട്
തൽക്ഷണ പണമിടപാട് സേവനമായ വാംഡ് വഴിയും വൻതോതിൽ ഇടപാടുകൾ നടന്നു. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വാംഡ് വഴി നടന്ന പണമിടപാടുകളുടെ മൂല്യം 600.6 കോടി ദിനാർ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ, ഓൺലൈൻ വാങ്ങലുകൾ, തൽക്ഷണ പണമിടപാട് സേവനങ്ങൾ എന്നിവയോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന താൽപര്യമാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. അതേസമയം, എടിഎമ്മുകളിലൂടെയുള്ള പണം പിൻവലിക്കലും ഇപ്പോഴും കുവൈത്തിലെ സാമ്പത്തിക ഇടപാടുകളിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.