
കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഈജിപ്ഷ്യൻ പ്രവാസിയെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നതായി പരാതി. പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 840 കുവൈത്ത് ദിനാർ സംഘം തട്ടിയെടുത്തതായാണ് റിപ്പോർട്ട്.
തനിക്ക് പരിചയമില്ലാത്ത 12 പേർ ചേർന്ന് ജലീബ് അൽ ഷുയൂഖിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണം കവർന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പ്രവാസി ജലീബ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണമാണ് നടക്കുന്നത്.
പരാതിക്കാരന്റെ മൊഴി സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ തർക്കങ്ങളോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും പരാതിക്കാരന് പ്രതികളുമായി മുൻപരിചയമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്.