കുവൈത്തിൽ സുരക്ഷ ശക്തമാക്കാൻ നീക്കം; അതിർത്തിയിലും ജയിലുകളിലും സുരക്ഷാ വിഭാഗങ്ങളിൽ പരിശോധന

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനൈഫി വിവിധ സുരക്ഷാ വിഭാഗങ്ങൾ സന്ദർശിച്ച് പ്രവർത്തന പുരോഗതിയും സുരക്ഷാ സജ്ജതയും വിലയിരുത്തി. പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ, കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബോർഡർ സെക്യൂരിറ്റി സെക്ടർ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വിവിധ വകുപ്പുകളുടെ പ്രവർത്തനരീതികൾ, സുരക്ഷാ ചുമതലകൾ, ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ വിവരങ്ങൾ തേടി.

ചുമതലകൾ നിർവഹിക്കുന്നതിനായി നിലവിൽ പിന്തുടരുന്ന നടപടിക്രമങ്ങളും സംവിധാനങ്ങളും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന സജ്ജതയും തയ്യാറെടുപ്പും വിലയിരുത്തിയ അൽ മുനൈഫി, പ്രധാന ആവശ്യങ്ങൾ, പ്രവർത്തനപരമായ വെല്ലുവിളികൾ, സേവന നിലവാരം ഉയർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കുവൈത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബോർഡർ സെക്യൂരിറ്റി സെക്ടർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരണം തേടി. പ്രവർത്തന ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിച്ച് കാര്യക്ഷമതയും സുരക്ഷാ സജ്ജതയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാ ഉദ്യോഗസ്ഥർ ഉയർന്ന നിലവാരത്തിലുള്ള ജാഗ്രതയും സജ്ജതയും നിലനിർത്തണമെന്നും ചുമതലകൾ കാര്യക്ഷമതയോടെയും പ്രൊഫഷണൽ മികവോടെയും നിർവഹിക്കണമെന്നും അൽ മുനൈഫി നിർദേശിച്ചു. പ്രൈവറ്റ് സെക്യൂരിറ്റി, ബോർഡർ സെക്യൂരിറ്റി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ തുടർച്ചയായ സേവനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ സമഗ്ര സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version