വേനൽച്ചൂടാണ്… അടുക്കളയിൽ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ തീപിടിക്കും! കുവൈത്ത് ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്

വേനൽക്കാലത്ത് അടുക്കളയിലെ തീപിടിത്ത സാധ്യത വർധിക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി. സ്കൂൾ അവധിയായതിനാൽ കുട്ടികൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. പാചക എണ്ണയ്ക്ക് തീപിടിച്ചാൽ ഒരിക്കലും വെള്ളം ഒഴിച്ച് തീ അണയ്ക്കരുതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. വെള്ളം ഒഴിക്കുന്നത് തീ കൂടുതൽ പടരാനും അപകടകരമായ രീതിയിൽ പ്രതികരിക്കാനും ഇടയാക്കും. പകരം ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ തീ പൂർണമായി മൂടിക്കെടുത്തുന്ന സുരക്ഷിത മാർഗങ്ങളിലൂടെയോ തീ നിയന്ത്രിക്കണം. തീ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടൻ വീടിന് പുറത്തുകടന്ന് 112 എന്ന നമ്പറിൽ വിളിച്ച് തീപിടിത്തമുണ്ടായ സ്ഥലവും സാഹചര്യവും അധികൃതരെ അറിയിക്കണം.

ഗ്യാസ് ചോർച്ച സംശയിച്ചാൽ ശ്രദ്ധിക്കണം

ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ലൈറ്റുകളോ വൈദ്യുത ഉപകരണങ്ങളോ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യരുത്. വൈദ്യുത സ്പാർക്ക് ഗ്യാസിന് തീപിടിക്കാൻ കാരണമാകാം.
സുരക്ഷിതമാണെങ്കിൽ ഗ്യാസ് റെഗുലേറ്റർ വിച്ഛേദിക്കുകയും വാതിലുകളും ജനലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. തുടർന്ന് വീട്ടിൽനിന്ന് പുറത്തുകടന്ന് വിദഗ്ധർ എത്തി ചോർച്ച പരിശോധിച്ച് പരിഹരിക്കുന്നതുവരെ അകത്ത് പ്രവേശിക്കരുതെന്നും ഫയർ ഫോഴ്സ് നിർദേശിച്ചു.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത

സ്കൂൾ അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ കൂടുതലായി ഉണ്ടാകുന്നതിനാൽ അടുക്കളയിൽ അവരെ ഒറ്റയ്ക്ക് വിടരുത്. സ്റ്റൗവ്, ചൂടുള്ള പാത്രങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ എന്നിവയിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണമെന്നും അധികൃതർ പറഞ്ഞു. അപകടമുണ്ടായ ആദ്യ ഏതാനും മിനിറ്റുകളിൽ ശരിയായ നടപടി സ്വീകരിക്കുന്നത് പരുക്കുകളും സ്വത്ത് നാശനഷ്ടങ്ങളും കുറയ്ക്കാൻ സഹായിക്കും. എന്നാൽ തീ നിയന്ത്രണാതീതമാണെങ്കിൽ സ്വയം തീ അണയ്ക്കാൻ ശ്രമിച്ച് അപകടം ഏറ്റെടുക്കാതെ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി അടിയന്തര സേവനങ്ങളുടെ സഹായം തേടണമെന്നും കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version