
ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും ഡ്യൂട്ടി അവസാനിപ്പിക്കുന്നതിലും തടസ്സങ്ങൾ ഒഴിവാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ബദൽ ഫിംഗർപ്രിന്റ് സംവിധാനം ഏർപ്പെടുത്തി. ആരോഗ്യ ജില്ലകൾ, ആശുപത്രികൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫിസ് എന്നിവിടങ്ങളിൽ സ്ഥിരം സ്മാർട്ട് ഫിംഗർപ്രിന്റ് ഉപകരണങ്ങൾ സ്ഥാപിക്കാനാണ് നിർദേശം. അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ പുറത്തിറക്കിയ ഭരണപരമായ സർക്കുലറിലാണ് നിർദേശം. വ്യക്തിഗത ഫിംഗർപ്രിന്റ് ഉപകരണങ്ങളിൽ സാങ്കേതിക തകരാർ നേരിടുന്ന ജീവനക്കാർക്കും സാധാരണ ഡ്യൂട്ടി, ഓൺ-കോൾ, ഓവർടൈം ഷിഫ്റ്റുകൾക്കിടെ സ്മാർട്ട് ഫിംഗർപ്രിന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയാത്തവർക്കും ജോലിസ്ഥലത്ത് ലഭ്യമായ ടാബ്ലെറ്റ് ഉപകരണം വഴി ഹാജർ രേഖപ്പെടുത്താം. ഇത്തരത്തിൽ ഹാജർ രേഖപ്പെടുത്തുന്നതിലൂടെ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ജീവനക്കാരെ അനധികൃതമായി ഹാജരാകാത്തവരായി കണക്കാക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
സ്ഥിരം ഫിംഗർപ്രിന്റ് ഉപകരണങ്ങൾ എല്ലായ്പ്പോഴും പ്രവർത്തനക്ഷമമാണെന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾ ഉറപ്പാക്കണമെന്നും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. സാങ്കേതിക സംവിധാനങ്ങളിലെ തകരാറുകൾ മൂലം ജീവനക്കാരുടെ അവകാശങ്ങൾ ബാധിക്കാതിരിക്കാനും ഹാജർ നടപടികൾ സുഗമമായി തുടരാനും പുതിയ ബദൽ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.