
വൻതുകയുടെ പണമയക്കൽ ഇടപാടുകൾക്ക് കൂടുതൽ കർശന പരിശോധന ഏർപ്പെടുത്തി കുവൈത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ. 3,000 കുവൈത്ത് ദിനാറിന് മുകളിൽ പണമയയ്ക്കുന്നവർ കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണമെന്ന് എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയത്. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലും നിർദേശങ്ങളിലുമാണ് പുതിയ നടപടികൾ നടപ്പാക്കുന്നത്. ഇടപാടുകാരൻ കൈമാറുന്ന പണം നിയമാനുസൃതമായ ഉറവിടത്തിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്നതിനാണ് ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നത്. ഇടപാടിന്റെ സ്വഭാവം, ഉപഭോക്താവിന്റെ വരുമാനം, പണത്തിന്റെ ഉറവിടം എന്നിവ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നും എക്സ്ചേഞ്ച് സ്ഥാപനങ്ങൾ പരിശോധിക്കും.
പരിധി 10,000ൽ നിന്ന് 3,000 ദിനാറിലേക്ക്
നേരത്തെ 10,000 ദിനാറിന് മുകളിലുള്ള പണമയയ്ക്കൽ ഇടപാടുകൾക്കായിരുന്നു ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള അധിക രേഖകൾ സാധാരണയായി ആവശ്യപ്പെട്ടിരുന്നത്. പുതിയ നിർദേശത്തോടെ ഈ പരിധി 3,000 ദിനാറായി കുറച്ചു. KYC (Know Your Customer) നടപടിക്രമങ്ങളിൽ നൽകിയ വിവരങ്ങൾക്ക് പുറമെ, ഇടപാടിന്റെ സാഹചര്യവും തുകയും കണക്കിലെടുത്ത് കൂടുതൽ രേഖകൾ ആവശ്യപ്പെടാനും എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, പണത്തിന്റെ നിയമാനുസൃത ഉറവിടം സ്ഥിരീകരിക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക എന്നിവയാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ പണമിടപാടിനും പരിധി
രാജ്യത്തെ എക്സ്ചേഞ്ച് കമ്പനികൾ വഴി നടത്താവുന്ന പ്രതിദിന പണമിടപാട് 1,000 ദിനാറായി പരിമിതപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതിന് മുകളിലുള്ള തുകയുടെ ഇടപാടുകൾ ആവശ്യമായ രേഖകളോടെ ബാങ്കിങ് ചാനലുകൾ വഴി നടത്തേണ്ടിവരും. ഇടപാടിന്റെ തുകയും പണത്തിന്റെ ഉറവിടവും ഉപഭോക്താവിന്റെ പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കും. എക്സ്ചേഞ്ച് കമ്പനികളിൽ കുവൈത്ത് സെൻട്രൽ ബാങ്ക് പരിശോധനയും മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനും നിയമവിരുദ്ധ പണമിടപാടുകൾ തടയുന്നതിനുമാണ് നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.