യുഎഇയിൽ ഈ മേഖലയിൽ വമ്പൻ തൊഴിലവസരങ്ങൾ; ഈ അവസരം നഷ്ടപെടുത്തരുതേ….

വിൻ അൽ മർജാൻ ഐലൻഡിന്റെ നിയമന പ്രവർത്തനങ്ങൾ ശക്തമായതോടെ റാസ് അൽ ഖൈമയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വിദഗ്ധ ജീവനക്കാർക്കുള്ള ആവശ്യം വർധിക്കുന്നു. റിസോർട്ടിന്റെ കരിയർ പോർട്ടലിൽ നിലവിൽ ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബെവറേജ്, ഗെയിമിംഗ്, ഫെസിലിറ്റീസ്, തിയറ്റർ ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലായി 109 ഒഴിവുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2026ലെ രണ്ടാം പാദത്തിൽ വിൻ അൽ മർജാൻ ഐലൻഡിലെ ജീവനക്കാരുടെ എണ്ണത്തിൽ 57 പേരുടെ വർധന രേഖപ്പെടുത്തി. ഇതോടെ റിസോർട്ടിലെ ആകെ ജീവനക്കാരുടെ എണ്ണം 425 ആയി ഉയർന്നതായി വിൻ റിസോർട്ട്സിന്റെ ഏറ്റവും പുതിയ വരുമാന അവതരണത്തിൽ വ്യക്തമാക്കി. നിലവിലെ ജീവനക്കാരിൽ ഭൂരിഭാഗവും മുതിർന്ന എക്സിക്യൂട്ടീവുകൾ, സീനിയർ മാനേജർമാർ, ജനറൽ-അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവരാണ്. ഗെയിമിംഗ്, നോൺ-ഗെയിമിംഗ് വിഭാഗങ്ങളിലെ പ്രധാന മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും ഇതിനകം ചുമതലയേറ്റിട്ടുണ്ട്.

തൊഴിൽ വിപണിയിലും മാറ്റം

വിന്നിന്റെ നിയമന പ്രവർത്തനങ്ങൾ റാസ് അൽ ഖൈമയിലെ തൊഴിൽ വിപണിയിലും വലിയ സ്വാധീനം ചെലുത്തിത്തുടങ്ങിയതായി റിക്രൂട്ട്മെന്റ് മേഖലയിലെ വിദഗ്ധർ പറയുന്നു. എമിറേറ്റിലെ ടൂറിസം മേഖല വളരുന്നതിനനുസരിച്ച് പരിചയസമ്പന്നരായ ഹോസ്പിറ്റാലിറ്റി ജീവനക്കാരെ നിയമിക്കുന്നതിൽ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം ശക്തമാകാനും സാധ്യതയുണ്ട്. ജിനി റിക്രൂട്ട്മെന്റിന്റെ മാനേജിങ് ഡയറക്ടർ നിക്കി വിൽസൺ പറയുന്നതനുസരിച്ച്, വിന്നിന്റെ വരവ് റാസ് അൽ ഖൈമയിലെ തൊഴിലവസരങ്ങളെ ഉദ്യോഗാർഥികൾ കാണുന്ന രീതിയിൽ തന്നെ മാറ്റുകയാണ്. റിക്രൂട്ടർമാർ ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ ചില ഉദ്യോഗാർഥികൾ റാസ് അൽ ഖൈമയിലെ അവസരങ്ങളിൽ താൽപര്യം പ്രകടിപ്പിക്കാൻ തുടങ്ങിയതായി അവർ പറഞ്ഞു.

ദുബായുമായി താരതമ്യം ചെയ്യുമ്പോൾ റാസ് അൽ ഖൈമയിലെ താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും ആഗോളതലത്തിൽ അറിയപ്പെടുന്ന ആഡംബര ബ്രാൻഡിന്റെ വരവും ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രൊഫഷണലുകൾക്ക് എമിറേറ്റിനെ കൂടുതൽ ആകർഷകമാക്കുമെന്നും വിൽസൺ വ്യക്തമാക്കി.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും കൂടുതൽ ഉദ്യോഗാർഥികൾ റാസ് അൽ ഖൈമയിലെത്താൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. മുമ്പ് പ്രധാനമായും ദുബായിലും അബുദാബിയിലും അവസരങ്ങൾ തേടിയിരുന്ന പ്രൊഫഷണലുകൾ മറ്റ് എമിറേറ്റുകളിലേക്കും ശ്രദ്ധ തിരിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഷെഫുമാർക്കും മാനേജർമാർക്കും കൂടുതൽ ഡിമാൻഡ്

നിലവിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് റസ്റ്റോറന്റ് മാനേജർമാർ, ഹോട്ടൽ ഓപ്പറേഷൻസ് വിദഗ്ധർ, ഷെഫുമാർ, അതിഥികളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർ തുടങ്ങിയവർക്കാണ്. പ്രത്യേക വിഭവങ്ങളിൽ വൈദഗ്ധ്യമുള്ള ഷെഫുമാർക്കും ഫൈൻ ഡൈനിംഗ്, ആഡംബര ഹോസ്പിറ്റാലിറ്റി മേഖലകളിൽ പരിചയമുള്ള പ്രൊഫഷണലുകൾക്കും വലിയ ഡിമാൻഡുണ്ട്.
സാങ്കേതിക യോഗ്യതകൾക്കൊപ്പം നേതൃത്വപാടവം, സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവ്, വൈകാരിക ബുദ്ധി, മറ്റുള്ളവർക്ക് പരിശീലനം നൽകാനുള്ള ശേഷി, മികച്ച അതിഥി സേവനം ഉറപ്പാക്കാനുള്ള കഴിവ് എന്നിവയ്ക്കും തൊഴിലുടമകൾ കൂടുതൽ പ്രാധാന്യം നൽകുന്നതായി വിൽസൺ പറഞ്ഞു.

ഹോസ്പിറ്റാലിറ്റിക്ക് പുറത്തും അവസരങ്ങൾ

TASC Outsourcing ഗ്രൂപ്പ് ചെയർമാൻ മഹേഷ് ഷഹ്ദദ്പുരിയുടെ അഭിപ്രായത്തിൽ, വിന്നിന്റെ വൻതോതിലുള്ള നിയമന പദ്ധതി റാസ് അൽ ഖൈമയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാകെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. പദ്ധതിയുടെ സ്വാധീനം ഹോട്ടൽ ജീവനക്കാരിൽ മാത്രം ഒതുങ്ങില്ലെന്നും ഫുഡ് ആൻഡ് ബെവറേജ്, റീട്ടെയിൽ, ഫെസിലിറ്റീസ് മാനേജ്മെന്റ്, ഗതാഗതം, വിവിധ പിന്തുണാ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങളുടെ ആവശ്യം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിൻ അൽ മർജാൻ ഐലൻഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനനുസരിച്ച് റാസ് അൽ ഖൈമയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version