
Kuwait Manhunt Escaped; കുവൈറ്റിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സക്കിടെ രക്ഷപെട്ട സ്വദേശി യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ആശുപത്രിയിൽ നിന്ന് ചാടിപ്പോയ യുവാവ് ദസ്മയിലുള്ള തന്റെ വീട്ടിലെത്തുകയും അമ്മയുടെ മൊബൈൽ ഫോൺ കവർന്ന ശേഷം വീണ്ടും കടന്നുകളയുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയം യുവാവിന്റെ വിവരങ്ങൾ രാജ്യത്തെ എല്ലാ പട്രോളിംഗ് യൂണിറ്റുകൾക്കും കൈമാറിയിട്ടുണ്ട്. ഇയാളെ ഉടൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ലഹരിമരുന്നിന് അടിമയായ യുവാവിനെ വീട്ടുകാരുടെ തന്നെ പരാതിയെത്തുടർന്നാണ് നേരത്തെ ലഹരിവിരുദ്ധ വിഭാഗം പിടികൂടിയത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപെട്ട യുവാവ് അപ്രതീക്ഷിതമായാണ് ദസ്മയിലുള്ള വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ അമ്മയുടെ സ്മാർട്ട്ഫോൺ തട്ടിയെടുക്കുകയും അവിടെ നിന്ന് വേഗത്തിൽ അപ്രത്യക്ഷനാവുകയുമായിരുന്നു. ഇതോടെ മാതാവ് ദസ്മ പോലീസിൽ പരാതി നൽകി. ഇയാൾ എങ്ങനെയാണ് അതീവ സുരക്ഷയുള്ള ആശുപത്രിയിൽ നിന്ന് രക്ഷപെട്ടതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.