കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം, ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ വെള്ളിയാഴ്ച കുവൈത്തിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന എല്ലാ ഡ്രോണുകളും വിജയകരമായി തകർത്തതിനാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിൽ, കുവൈത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന പൂർണ സജ്ജമാണെന്നും ഏത് ഭീഷണിയെയും നേരിടാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സുരക്ഷാ ഏജൻസികളുമായും ഏകോപനം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇറാൻ, കുവൈത്തിലെ ഒരു അമേരിക്കൻ സൈനിക താവളത്തെയാണ് ലക്ഷ്യമിട്ടതെന്ന് അവകാശപ്പെട്ടു. ഇത് സമീപകാല അമേരിക്കൻ സൈനിക നടപടികൾക്കുള്ള തിരിച്ചടിയാണെന്നാണ് ഇറാന്റെ വിശദീകരണം.

സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഗൾഫ് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ തുടരുമെന്നും കുവൈത്ത് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version