
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിന്റെ വ്യോമഗതാഗതം ശനിയാഴ്ച പുലർച്ചെയോടെ പൂർണമായി പുനഃസ്ഥാപിച്ചു. സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷവും ഭീഷണികൾ ഒഴിഞ്ഞതായി ബന്ധപ്പെട്ട ഏജൻസികൾ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യോമപാത വീണ്ടും തുറന്നത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.15ഓടെ എയർ നാവിഗേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നിലവിൽ രാജ്യത്തെ വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിൽ സംഘർഷം രൂക്ഷമായിരുന്ന രാത്രിയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചത്. ഇതിനെ തുടർന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയുടെ 11 വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. എന്നാൽ സുരക്ഷാ സാഹചര്യങ്ങൾ നിയന്ത്രണവിധേയമായതോടെ വ്യോമഗതാഗത നിയന്ത്രണങ്ങൾ പിൻവലിക്കുകയും വിമാന സർവീസുകൾ വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയുമാണെന്ന് അധികൃതർ അറിയിച്ചു.