പലിശ മാഫിയയ്ക്ക് പൂട്ടിടാൻ കുവൈത്ത് രംഗത്ത്; സംശയാസ്പദ പണമിടപാടുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം

അനധികൃത സാമ്പത്തിക ഇടപാടുകൾ, പലിശ മാഫിയ പ്രവർത്തനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ലൈസൻസില്ലാതെ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ വിവരം കൈമാറണമെന്ന് സെൻട്രൽ ബാങ്ക് ബാങ്കുകൾക്കും എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഇതിന്റെ ഭാഗമായി ബാങ്കുകളും എക്സ്ചേഞ്ച് കമ്പനികളും തങ്ങളുടെ ശാഖകൾ വഴി ഉപഭോക്താക്കളെ ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അനധികൃത പണമിടപാടുകൾ, ലൈസൻസില്ലാത്ത വായ്പാ സേവനങ്ങൾ, അനധികൃത ഇലക്ട്രോണിക് പേയ്മെന്റ് ലിങ്കുകളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് അധികൃതർ തേടുന്നത്.

പരാതികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ഫോൺ നമ്പറും ഇമെയിൽ സംവിധാനവും സെൻട്രൽ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നേരത്തേ കണ്ടെത്തി തടയുക എന്നതാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴി അസാധാരണ തോതിൽ പണമിടപാടുകൾ നടത്തുന്നതും, ഉപരോധ പട്ടികയിലുള്ള വ്യക്തികൾക്കും സംഘടനകൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ സൂചനകളായി കണക്കാക്കുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

വിദേശ കറൻസി വാങ്ങി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും പ്രാദേശിക കറൻസിയാക്കി മാറ്റുന്നതുൾപ്പെടെയുള്ള ഇടപാടുകളും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. കള്ളപ്പണം വെളുപ്പിക്കലും ഭീകര ഫണ്ടിംഗും തടയുന്നതിനായി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വരുമാന ഉറവിടം, ഇടപാട് സ്വഭാവം, സാമ്പത്തിക പശ്ചാത്തലം എന്നിവ കൂടുതൽ കർശനമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്. വരുമാനവുമായി പൊരുത്തപ്പെടാത്ത വലിയ സാമ്പത്തിക ഇടപാടുകൾ, അപകടസാധ്യതയേറിയ രാജ്യങ്ങളിലേക്കുള്ള പണമിടപാടുകൾ, ഭീകരപ്രവർത്തന ബന്ധമുള്ള മേഖലകളിലേക്ക് പണം കൈമാറ്റം ചെയ്യൽ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും.

അതേസമയം, ഉപഭോക്തൃ വായ്പകളുമായി ബന്ധപ്പെട്ട രേഖകൾ ദീർഘകാലം സൂക്ഷിക്കാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വായ്പ പൂർണമായി തീർന്നതിന് ശേഷവും നിയമപ്രകാരം 10 വർഷം വരെ രേഖകൾ സംരക്ഷിക്കണമെന്നും എല്ലാ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കണമെന്നും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത പലിശ മാഫിയ സംഘങ്ങൾക്കെതിരെ നടപടി ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version