
കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ ശക്തമായ പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 16,265 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും 46 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെയും വിവിധ കേസുകളിൽ വാറന്റുള്ള 121 പേരെയും പിടികൂടി. കൂടാതെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 121 പേരെയും കണ്ടെത്തി തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇതിനിടെ, സാൽമി അതിർത്തി വഴി വ്യാജരേഖ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ അതിർത്തി സുരക്ഷാ വിഭാഗം പിടികൂടി. കുവൈത്ത് പൗരന്മാർക്ക് മാത്രം അനുവദിക്കുന്ന ‘എമർജൻസി എൻട്രി ഡോക്യുമെന്റ്’ ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവേശന ശ്രമം. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ ബയോമെട്രിക് പരിശോധനയിൽ ഇയാൾ കുവൈത്തി പൗരനല്ലെന്നും വിദേശ പാസ്പോർട്ട് കൈവശമുള്ള ആളാണെന്നും വ്യക്തമായി.
തട്ടിപ്പ് സമയോചിതമായി കണ്ടെത്തിയ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥൻ സാദ് അബ്ദുറഹ്മാൻ അൽ മുതൈരിയെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അഭിനന്ദിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.