
സമുദ്രാതിർത്തി വഴിയായി കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാസേന പിടികൂടിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവം ഇന്നലെ രാവിലെ നടന്നതാണ്. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ വ്യക്തമാക്കി.
എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, പൊതുജനം ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആർമി ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.