
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ബൃഹദ് പദ്ധതികളുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ മുന്നോട്ട്. നഗരങ്ങളിലെ കനത്ത ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനായി മെട്രോ റെയിൽവേ, കടൽ വഴിയുള്ള സീ ടാക്സികൾ, അത്യാധുനിക ബസ് സർവീസുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഒരു യാത്രാ ശൃംഖല നിർമ്മിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മുനിസിപ്പൽ കൗൺസിലിലെ എൻവയോൺമെന്റൽ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷ ആലിയ അൽ ഫാർസിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
കുവൈത്തിന്റെ ഭാവി വികസനത്തിന് അടിത്തറ പാകുന്ന ഫോർത്ത് നാഷണൽ സ്ട്രക്ചറൽ പ്ലാനിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. നിലവിൽ രാജ്യത്തെ ബസ് സ്റ്റേഷനുകൾ നേരിടുന്ന പോരായ്മകൾ പരിഹരിക്കാനും അവയെ ലോകനിലവാരത്തിലുള്ള രൂപകൽപ്പനയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. മെട്രോ റെയിൽ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാനും സാധിക്കുമെന്ന് പരിസ്ഥിതി സമിതി വിലയിരുത്തുന്നു.
തീരദേശ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തുന്ന സീ ടാക്സികൾ കുവൈത്തിലെ പൊതുഗതാഗത രംഗത്ത് പുതിയൊരു അനുഭവമായിരിക്കും. ഇത് വിനോദസഞ്ചാരികൾക്കും നിത്യയാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. ഗതാഗത മേഖലയുടെ കൃത്യമായ നടത്തിപ്പിനായി ഒരു സ്വതന്ത്ര ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും ശിൽപശാലയിൽ ചർച്ചയായി. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ കുവൈത്തിലെ യാത്രാ ദുരിതത്തിന് ശാശ്വതമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.