​ഗൾഫിൽ മലയാളി കുടുംബത്തിന്റെ വാഹനം വാദിയിൽ അകപ്പെട്ട് രണ്ട് മരണം, ഒരാളെ കാണാതായി!

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം വാദിയിൽ അകപ്പെട്ട് ദാരുണ അന്ത്യം. പാലക്കാട് തൃത്താല സ്വദേശികളായ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു.

തൃത്താല സ്വദേശി ലുബിഷാദിന്റെ കുടുംബവും സുഹൃത്ത് യൂസഫിന്റെ കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബർകയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്ന വഴി സൂക്കിനുള്ളിലെ വാദിയിൽ ഇവർ സഞ്ചരിച്ച വാഹനം അകപ്പെടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ലുബിഷാദിന്റെ ഭാര്യ ഷാമില ലുബിഷാദ്, സുഹൃത്ത് തൃത്താല സ്വദേശി യൂസഫ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ യൂസഫിന്റെ മാതാവിനായുള്ള തിരച്ചിൽ തുടരുകയാണ്. സീബിൽ സൈക്കിൾ ഷോപ്പ് നടത്തുന്നയാളാണ് ലുബിഷാദ്.

അപകടത്തിൽ നിന്ന് ലുബിഷാദും മക്കളും അടക്കം ആറുപേർ അതിസാഹസികമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്താണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നു.

ഒമാനിൽ കനത്ത മഴ തുടരുന്നു, അതീവ ജാഗ്രത

ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്. വാദി അൽ മആവിലിൽ വൻ ഒഴുക്കിൽപ്പെട്ട് മൂന്ന് വാഹനങ്ങൾ ഒലിച്ചുപോയി. മസ്‌കത്ത്, ബാത്തിന തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ കാര്യമായി ബാധിച്ചു. വെള്ളം കയറിയ റോഡുകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും യാത്രക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ ഫലമായി ഞായറാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴക്കെടുതികൾ ഉണ്ടായാൽ ഉടൻ ഫലപ്രദമായി ഇടപെടുന്നതിനായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് (NCEM) സജ്ജമാണ്.

സുരക്ഷ കണക്കിലെടുത്ത് മസ്‌കത്ത് ഗവർണറേറ്റിലെ എല്ലാ പൊതു പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചു. ബൗഷർ – ആമിറാത്ത് പർവ്വതപാതയും റോയൽ ഒമാൻ പൊലീസ് അടച്ചിട്ടുണ്ട്. യാത്രക്കാർ മറ്റ് റോഡുകൾ (വാദി അദായ് വഴി) ഉപയോഗിക്കണമെന്നും, മഴ സമയത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ കർഷകമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സ്വദേശികളും വിദേശികളും വാദികൾ നിറഞ്ഞൊഴുകുമ്പോൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും, ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർഷകമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version