
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധം, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വാർത്തകളോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗം (ECCCD) കർശന മുന്നറിയിപ്പ് നൽകി. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഈ നിർദ്ദേശം ബാധകമാണ്.
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ കൈമാറുന്നത് കുവൈത്ത് നിയമപ്രകാരം കുറ്റകരമാണെന്നും ഇത് ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും വിഭാഗീയതയും വളർത്താൻ ഇടയാക്കുമെന്നും സൈബർ ക്രൈം വിഭാഗം ചൂണ്ടിക്കാട്ടി.
മേഖലയിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ പ്രവാസികൾ പൂർണ്ണമായ നിഷ്പക്ഷത പാലിക്കണമെന്നും പ്രകോപനപരമായ ഓൺലൈൻ ചർച്ചകളിൽ നിന്നോ പോസ്റ്റുകളിൽ നിന്നോ വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുൻപും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd