വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചത് പണിയായി: കുവൈത്തിൽ ഇത്രയധികം പേർ പിടിയിൽ

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 13 പേരെ കുവൈത്ത് അധികൃതർ കസ്റ്റഡിയിലെടുത്തു. രാജ്യത്ത് പരിഭ്രാന്തി പരത്തുന്ന രീതിയിൽ വിഡിയോകളും സന്ദേശങ്ങളും നിർമ്മിക്കുകയും പങ്കുവെക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

പിടിക്കപ്പെട്ടവരിൽ കുവൈത്ത് സ്വദേശികളും വിദേശികളുമുണ്ട്. സൈനിക നീക്കങ്ങൾ, ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൈബർ ക്രൈം വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിക്കാത്ത വാർത്തകളോ വിഡിയോകളോ ഷെയർ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്തകളുടെ സത്യാവസ്ഥ ബോധ്യപ്പെടാതെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version