ഈദ് യാത്രകൾ അങ്ങോട്ടല്ല, ഇങ്ങോട്ട്! വേനലവധിക്ക് മുൻപ് കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പ്രവാസികൾ; പ്രിയപ്പെട്ട ഇടങ്ങൾ ഇതാണ്

ദുബായ്: ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദീർഘദൂര വിദേശ യാത്രകൾക്ക് പകരം ജിസിസി രാജ്യങ്ങളിലെ ഹ്രസ്വയാത്രകൾക്ക് മുൻഗണന നൽകി യുഎഇയിലെ പ്രവാസികൾ. മാർച്ച് പകുതിയോടെ എത്തുന്ന പെരുന്നാൾ സമയത്ത് മേഖലയിൽ മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. വലിയ വിദേശ യാത്രകൾ വരാനിരിക്കുന്ന വേനലവധിയിലേക്ക് മാറ്റിവെച്ച്, ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് റോഡ് മാർഗ്ഗമുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്യുകയാണ് ഭൂരിഭാഗം കുടുംബങ്ങളും.

ഒമാൻ, മുസന്ദം തുടങ്ങിയ സ്ഥലങ്ങളാണ് റോഡ് യാത്രകൾക്കായി പ്രവാസികൾ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. മസ്കറ്റിലെ മുത്ര കോർണിഷ്, ഖുറും ബീച്ച്, നിസ്‌വ കോട്ട തുടങ്ങിയ ചരിത്രപ്രധാനമായ ഇടങ്ങൾ സന്ദർശിക്കാൻ കുടുംബങ്ങൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നാല് ദിവസത്തെ അവധി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഗ്രൂപ്പുകളായി ചേർന്ന് വില്ലകൾ ബുക്ക് ചെയ്തും ഔട്ട്ഡോർ ആക്റ്റിവിറ്റികളിൽ ഏർപ്പെട്ടും ആഘോഷിക്കാനാണ് പലരുടെയും തീരുമാനം.

അതേസമയം, റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിൽ എത്തുന്നവർ പെരുന്നാൾ ആഘോഷത്തിന് ശേഷം അവിടെത്തന്നെ വിനോദയാത്ര തുടരാനും പദ്ധതിയിടുന്നു. മദീനയിൽ പെരുന്നാൾ ആഘോഷിച്ച ശേഷം അബഹ, തബൂക്ക്, അൽ ഉല തുടങ്ങിയ സ്ഥലങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് പലരും താല്പര്യപ്പെടുന്നത്. തിരക്കേറിയ മാളുകൾക്കും നഗരങ്ങൾക്കും പകരം സമാധാനപരമായ അന്തരീക്ഷവും പ്രകൃതിയോട് ഇണങ്ങിയുള്ള താമസവുമാണ് സഞ്ചാരികൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.

സ്കൂൾ വേനലവധി സമയത്ത് യൂറോപ്പിലേക്കോ റഷ്യയിലേക്കോ ഉള്ള ദീർഘദൂര യാത്രകൾക്കായി പണവും ലീവും മാറ്റിവെക്കുന്നതിനാലാണ് ഇപ്പോൾ ഇത്തരം ഹ്രസ്വയാത്രകൾക്ക് ഇത്രയേറെ ഡിമാൻഡ് വർദ്ധിച്ചതെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version