
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പക്ഷികൾ കൂട്ടത്തോടെ എത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ കൗൺസിലിലെ പരിസ്ഥിതി കാര്യ സമിതി ശുപാർശ ചെയ്തു. വിമാനത്താവളത്തിന് ചുറ്റുമുള്ള പക്ഷി സാന്ദ്രത കുറയ്ക്കുന്നതിനായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ, പരിസ്ഥിതി അതോറിറ്റി, കുവൈറ്റ് ഓയിൽ കമ്പനി എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ എക്സിക്യൂട്ടീവ് ബോഡിക്ക് സമിതി നിർദ്ദേശം നൽകി.
ജലീബ് അൽ-ഷുയൂഖിലെ കശാപ്പുശാലകൾ, കന്നുകാലി ഫാമുകൾ, നഴ്‌സറികൾ, ക്യാമ്പുകൾ എന്നിവ പക്ഷികളെ വൻതോതിൽ ആകർഷിക്കുന്നതായി സമിതി അധ്യക്ഷ ആലിയ അൽ-ഫാരിസി വ്യക്തമാക്കി. ഇവയിൽ നിന്നുള്ള മാലിന്യങ്ങൾ പക്ഷികൾ വിമാനത്താവള പരിസരത്ത് തങ്ങാൻ കാരണമാകുന്നുണ്ട്. ഇതിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ സിവിൽ ഏവിയേഷന്റെ പക്കലുള്ള റിപ്പോർട്ടുകൾ പ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കുകയും അത് പക്ഷികളുടെ പെരുമാറ്റത്തിലും എണ്ണത്തിലും വരുത്തുന്ന മാറ്റങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തുകയും ചെയ്യും.
വ്യോമയാന മേഖലയ്ക്ക് വലിയ അപകടസാധ്യത ഉയർത്തുന്ന വിമാനത്താവളത്തിന് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രം (ലാൻഡ്‌ഫിൽ) മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. ഇതിന് പകരം സ്ഥിരം സംവിധാനം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കൂടാതെ സൗത്ത് സെവൻത് റിംഗ് റോഡിലെ ലാൻഡ്‌ഫില്ലിനെ മാലിന്യ സംസ്‌കരണ പ്ലാന്റാക്കി മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതി വേഗത്തിൽ നടപ്പിലാക്കാനും സമിതി ആവശ്യപ്പെട്ടു. വിമാനങ്ങൾ പക്ഷികളുമായി ഇടിക്കുന്നത് ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടുള്ള തീരുമാനങ്ങളാണ് സമിതി കൈക്കൊണ്ടിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL