
കുവൈത്ത് സിറ്റി: കുവൈത്തിലെ ദൈനംദിന ഇടപാടുകളിൽ കറൻസി നോട്ടുകളുടെ ഉപയോഗം വലിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ പണമിടപാടുകളിൽ കറൻസിയുടെ ഉപയോഗം വെറും 30 ശതമാനമായി ചുരുങ്ങിയെന്ന് പ്രമുഖ പേയ്‌മെന്റ് സേവനദാതാക്കളായ ‘വിസ’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പണത്തിന്റെ ഉപയോഗത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നായി കുവൈത്ത് മാറി.
രാജ്യത്തെ മൊത്തം ഉപഭോക്തൃ ഇടപാടുകളിൽ 59 ശതമാനവും ഇപ്പോൾ ഡെബിറ്റ് കാർഡുകൾ വഴിയോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ ആണ് നടക്കുന്നത്. വ്യക്തികൾ തമ്മിലുള്ള നേരിട്ടുള്ള പണമിടപാടുകളിലും ഏകദേശം 19 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കുവൈത്ത് വിഷൻ 2035-ന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക ഡിജിറ്റലൈസേഷൻ നടപടികളാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങളിലേക്കും സ്മാർട്ട്ഫോൺ അധിഷ്ഠിത പേയ്‌മെന്റുകളിലേക്കും രാജ്യം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
ബിൽ പേയ്‌മെന്റുകൾ, റെസ്റ്റോറന്റുകൾ, ടാക്സി സർവീസുകൾ, മൊബൈൽ ആപ്പുകൾ വഴിയുള്ള സേവനങ്ങൾ എന്നിവയിലെല്ലാം ഡിജിറ്റൽ ഇടപാടുകൾ ഇപ്പോൾ വ്യാപകമാണ്. എന്നാൽ ചെറിയ തുകകൾ കൈമാറുന്നതിനും ടിപ്പുകൾ നൽകുന്നതിനും വാടക പണമായി നൽകുന്നതിനും ചിലർ ഇപ്പോഴും കറൻസി നോട്ടുകളെ ആശ്രയിക്കുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഈ വർധനവ് രാജ്യത്തെ സാമ്പത്തിക സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വരും വർഷങ്ങളിൽ പണത്തിന്റെ ഉപയോഗം ഇനിയും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.