
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഷദ്ദാദിയയിൽ മൂന്ന് വലിയ പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം എടുത്തത്. മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരം ധനമന്ത്രാലയം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഈ പുതിയ നടപടി.
അനുവദിക്കപ്പെട്ട ഭൂമി ധനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റിന് കൈമാറാനാണ് തീരുമാനം. ഈ സ്ഥലങ്ങൾ പൊതു ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിൽക്കില്ലെന്ന് കൗൺസിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പകരം, കൃത്യമായ നിയമനടപടികൾ പാലിച്ച് സർക്കാർ മേൽനോട്ടത്തിൽ തന്നെയാകും പദ്ധതിയുടെ വികസനം നടക്കുക.
നഗരാസൂത്രണ വകുപ്പിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കെട്ടിടങ്ങളുടെ നിർമ്മാണം. കെട്ടിടങ്ങളുടെ ഉയരം, സുരക്ഷാ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൃത്യമായ നിബന്ധനകൾ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. നഗരമധ്യത്തിലെ തിരക്ക് കുറയ്ക്കാനും തൊഴിലാളികൾക്ക് ആരോഗ്യകരമായ സാഹചര്യത്തിൽ താമസസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL