
കുവൈറ്റിലെ ആരോഗ്യ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്വകാര്യ ഡെന്റൽ ക്ലിനിക്കിനെതിരെ കർശന നടപടിയുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. സെന്ററിന്റെ ഔദ്യോഗിക ലൈസൻസ് മറ്റൊരാൾക്ക് നിയമവിരുദ്ധമായി വാടകയ്ക്ക് നൽകി (Illegal Leasing) എന്ന കണ്ടെത്തലിനെ തുടർന്നാണ് ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കാൻ മന്ത്രാലയം ഉത്തരവിട്ടത്. ലൈസൻസിംഗ് വിഭാഗം നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് മെഡിക്കൽ പ്രാക്ടീസ് നിയമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായി ബോധ്യപ്പെട്ടത്.
രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും രോഗികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമായി മെഡിക്കൽ സ്ഥാപനങ്ങൾ കർശനമായ നിബന്ധനകൾ പാലിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ലൈസൻസ് ഉടമയല്ലാതെ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ ക്ലിനിക്കിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നത് ഈ ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം നിയമവിരുദ്ധ പ്രവണതകൾ ആരോഗ്യ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണ് ക്ലിനിക്കിന്റെ പ്രവർത്തനം പൂർണ്ണമായും തടഞ്ഞുകൊണ്ട് മന്ത്രാലയം കടുത്ത നടപടി സ്വീകരിച്ചത്.
സ്വകാര്യ ആരോഗ്യ മേഖലയിലെ മെഡിക്കൽ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന് എതിരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL