
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ നഴ്സറികളുടെ പ്രവർത്തനത്തിന് കർശനമായ പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. കുട്ടികളുടെ സുരക്ഷയും ആരോഗ്യപരമായ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധിയാണ് പുതിയ നിബന്ധനകൾക്ക് അംഗീകാരം നൽകിയത്. നഴ്സറി കെട്ടിടങ്ങളുടെ ഘടന, ജീവനക്കാരുടെ ആരോഗ്യനില, ശുചിത്വ പരിപാലനം എന്നിവയിൽ പുതിയ പരിഷ്കാരങ്ങൾ കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നു.
പുതിയ നിയമപ്രകാരം നഴ്സറി കെട്ടിടങ്ങളിൽ മതിയായ വായുസഞ്ചാരവും വെളിച്ചവും ഉണ്ടായിരിക്കണം. ക്ലാസ് മുറികളും പരിസരവും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടത് നിർബന്ധമാണ്. ജീവനക്കാർക്ക് പകർർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ കൃത്യമായ മെഡിക്കൽ പരിശോധനകളും സർട്ടിഫിക്കറ്റുകളും മന്ത്രാലയം നിഷ്കർഷിക്കുന്നു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, എല്ലാ നഴ്സറികളിലും പരിശീലനം ലഭിച്ച സ്റ്റാഫിന്റെ മേൽനോട്ടത്തിൽ പ്രഥമശുശ്രൂഷാ സൗകര്യങ്ങളും സജ്ജീകരിക്കണം.
പകർർച്ചവ്യാധികൾ പടരുന്നത് തടയാൻ പ്രത്യേക ഐസൊലേഷൻ മുറികൾ ഒരുക്കണമെന്നും ഏതെങ്കിലും കുട്ടിക്കോ ജീവനക്കാരനോ രോഗലക്ഷണങ്ങൾ കണ്ടാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ കർശനമായി പിന്തുടരണമെന്നും ഉത്തരവിൽ പറയുന്നു. ഈ ആരോഗ്യ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈറ്റിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL