Posted By Editor Editor Posted On

പ്രവാസികളെ ക്ഷേമനിധിയിൽ അം​ഗത്വമെടുക്കാൻ മറക്കല്ലേ! ആനുകൂല്യങ്ങൾ ഏറെയുണ്ട്, ഇനി പെൻഷൻ ഘടനയിൽ മാറ്റം വന്നേക്കും

കൂടുതൽ പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു. നിലവിൽ 30 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളിൽ 8.25 ലക്ഷം പേർ മാത്രമാണ് ക്ഷേമനിധിയിൽ അംഗങ്ങളായുള്ളത്. ബാക്കിയുള്ളവരെക്കൂടി ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബോർഡ് വിപുലീകരിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി യുവ പ്രവാസികളിലേക്ക് ക്ഷേമനിധിയുടെ പ്രാധാന്യം എത്തിക്കാൻ ബോർഡ് ശ്രമിക്കും. വിദേശരാജ്യങ്ങളിൽ വ്യാപാര, വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി യുവജനങ്ങൾക്ക് ക്ഷേമനിധിയെക്കുറിച്ചോ, പെൻഷൻ പദ്ധതികളെക്കുറിച്ചോ വേണ്ടത്ര അറിവില്ല. വാർധക്യകാലത്ത് സാമ്പത്തികമായി സുരക്ഷിതരാകാനുള്ള അവസരമാണ് ഈ പദ്ധതികളിലൂടെ ലഭിക്കുന്നതെന്ന ബോധവൽക്കരണം ശക്തമാക്കും.

നിലവിൽ, ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭിക്കുന്ന 73,000 പേർക്കായി ജൂൺ മാസത്തിൽ 36 കോടി രൂപയാണ് ബോർഡ് ചെലവഴിച്ചത്. എന്നാൽ, വരുമാനമായി ലഭിക്കുന്നത് വെറും 15 കോടി രൂപ മാത്രമാണ്. ഈ സാമ്പത്തിക അന്തരം കുറയ്ക്കുന്നതിനും പെൻഷൻ വരുമാനത്തേക്കാൾ കൂടുതൽ തുക ബോർഡിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.

പെൻഷൻ ഘടനയിൽ മാറ്റം വന്നേക്കാം

നിലവിലെ പെൻഷൻ ഘടനയിൽ മാറ്റങ്ങൾ വരുത്താനും ബോർഡ് ആലോചിക്കുന്നുണ്ട്. 18 നും 60 നും ഇടയിൽ പ്രായമുള്ള, വിദേശത്ത് കുറഞ്ഞത് 2 വർഷമെങ്കിലും വിസയിൽ താമസിച്ച പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗമാകാം. നിലവിൽ അഞ്ച് വർഷം തുടർച്ചയായി പ്രതിമാസം 2000 രൂപ അടയ്ക്കുന്നവർക്ക് 3000 രൂപ പെൻഷൻ ലഭിക്കും. എന്നാൽ, യുവപ്രായത്തിൽ നിക്ഷേപം തുടങ്ങിയവർക്ക് 7000 രൂപ വരെ പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്. ഈ ഘടന പരിഷ്കരിച്ച് കൂടുതൽ പെൻഷൻ ലഭിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും.

പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡിന്റെ ഈ ഇടപെടൽ. വാർധക്യത്തിൽ അവർക്ക് മികച്ച ജീവിതം ഉറപ്പാക്കുന്നതിനായി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്നും ബോർഡ് അറിയിച്ചു.

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

പെൻഷൻ (60 വയസിനുശേഷം )
കുടുബ പെൻഷൻ (പെൻഷൻറെ 60 %)
അവശതാ പെൻഷൻ
മരണാനന്തര സഹായം (1 ലക്ഷം )
ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുമ്പ് )
വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുമ്പ്)
പ്രസവാനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുമ്പ്)
വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുമ്പ്)

ഭവന -സ്വയം തൊഴിൽ വായ്‌പകൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി പ്രൊമോട്ട് ചെയ്യൽ എന്നിവയും ബോർഡിൻറെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *