Posted By Editor Editor Posted On

കണ്ണീർക്കടലിലും പ്രത്യാശയുടെ തുരുത്ത്; കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും

ഗൾഫ് മേഖലയെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 23 പ്രവാസികളിൽ പത്തുപേരുടെയും കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം നൽകിയത് ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകിയതായി ഡോക്ടർമാർ അറിയിച്ചു. വിഷമദ്യ ദുരന്തത്തിനിടെയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സന്മനസ്സു കാണിച്ച കുടുംബങ്ങളുടെ പ്രവൃത്തി അപൂർവവും പ്രശംസനീയവുമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. കുവൈത്തിലും അബുദാബിയിലുമായി ചികിത്സയിൽ കഴിയുന്നവരാണ് ഈ അവയവങ്ങൾ സ്വീകരിച്ചത്.

കഴിഞ്ഞ മാസം ആദ്യമാണ് പ്രാദേശികമായി നിർമിച്ച വ്യാജമദ്യം കഴിച്ച് 40 ഇന്ത്യക്കാർ ഉൾപ്പെടെ 160 പേർ ചികിത്സ തേടിയത്. ഇതിൽ മലയാളികൾ ഉൾപ്പെടെ 23 പേർ മരിച്ചു. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നപ്പോൾ, 31 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായി. ഇരുപതോളം പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉൾപ്പെടെ 67 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേർക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുവൈത്ത് ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ചെയർമാൻ ഡോ. മുസ്തഫ അൽ മൗസവി അറിയിച്ചു. ഇതിൽ പത്തുപേരുടെ കുടുംബങ്ങൾ അവയവദാനത്തിന് അനുമതി നൽകി. മരിച്ച ദാതാക്കളിൽ നിന്ന് 20 വൃക്കകൾ, 3 ഹൃദയങ്ങൾ, 4 കരളുകൾ, 2 ശ്വാസകോശങ്ങൾ എന്നിവയാണ് ശേഖരിച്ചത്. ശ്വാസകോശങ്ങൾ ആരോഗ്യകരമല്ലാത്തതിനാൽ അവ മാറ്റിവയ്ക്കാൻ കഴിഞ്ഞില്ല. മാറ്റിവച്ച മറ്റ് അവയവങ്ങൾ വിജയകരമായിരുന്നു എന്നും ഡോക്ടർമാർ വ്യക്തമാക്കി.

വിഷമദ്യം കഴിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർ കുവൈത്തിലെ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് ഇവരെ നാടുകടത്തുമെന്നും, കുവൈത്തിലേക്കുള്ള പ്രവേശന വിലക്കിന് പുറമെ കരിമ്പട്ടികയിൽ പേര് ചേർക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *